ബസ്റ്റോപ്പ് എത്താറായപ്പോള്‍ പതിവുപോലെ എന്റെ കണ്ണുകള്‍ അവരെ തിരഞ്ഞു. റോഡരികിലേക്കെത്തി. എന്റെ മനസ്സും കണ്ണുകളും അവളുടെ നിഴല്‍ കാണാന്‍ ഒരു പോലെ തുടിച്ചെങ്കിലും എനിക്ക് അതിനായില്ല. ആ വഴി മുഴുവന്‍ ഞാന്‍ ശ്രദ്ധയോടെ നോക്കി. പക്ഷെ .... ഓരോ മനുഷ്യനും സഹതാപത്തോടെയും കൗതുകത്തോടെയും നോക്കുന്ന ആ രൂപം ഇന്ന് കുപ്പക്കുഴികള്‍ക്കിടയില്‍ കണ്ടില്ല. എന്റെ കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നത് പോലെ തോന്നും. ഞാന്‍ വളരെ ആകാംക്ഷയോടെ ആകാശത്തേക്കു നോക്കി. ഈ ലോകം മുഴുവന്‍ വെളിച്ചം പരത്തുന്ന സൂര്യന്‍ പതിവുപോലെ വാനില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. പിന്നെ എന്തു കൊണ്ട് എന്റെ മിഴികള്‍ക്ക് അവളെ കണ്ടെത്താനായില്ല? ഞാനീ ബസ്സില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയ നാള്‍ മുതലേ അവള്‍ വഴിയില്‍ നിന്നും ദുര്‍ഗന്ധം തുടച്ചു നീക്കിയിരുന്നു. അവള്‍ എവിടെപ്പോയി? അവള്‍ക്കെന്തെങ്കിലും അപകടം സംഭവിച്ചിരിക്കുമോ എന്ന ചോദ്യം എന്നെ അലട്ടിക്കൊണ്ടേയിരുന്നു. അവളെ ആദ്യമായ് കണ്ട നാള്‍ മുതലുള്ള ഓരോ ഓര്‍മ്മകളും എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു.
കോളേജിലെ ആദ്യ ദിനത്തില്‍ ഭയവും ആകാംക്ഷയും നിറഞ്ഞ മനസ്സോടെയായിരുന്നു യാത്ര. യാത്രക്കിടയില്‍ കണ്ട ഓരോ കാഴ്ചകളിലും ശ്രദ്ധപതിപ്പിച്ചുകൊണ്ട് ഞാനെന്റെ മനസ്സിനെ ശാന്തമാക്കി.അതിനിടയില്‍ വളരെ വേദനയോടെ ഞാനൊരു കാഴ്ച കണ്ടു. ഇതു വരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആ കാഴ്ച. കറുത്ത ശരീരം, അഴുക്കു നിറഞ്ഞ വസ്ത്രം... എങ്കിലും ആ രൂപം എന്റെ മനസ്സില്‍ എവിടെയോ ഇടം പിടിച്ചു, വലതു കയ്യില്‍ തൂങ്ങിപ്പിടിച്ചിരുന്ന ഒരു കൊച്ച് കുഞ്ഞ്. ഇടതു കയ്യില്‍ വലിയൊരു ചാക്ക്. ലോകം മുഴുവന്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളെല്ലാം അവള്‍ ആ ചാക്കില്‍ നിറച്ച് ചുമലിലേറ്റും. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കുഞ്ഞിനെ കാണാതായി. അവള്‍ ഒറ്റക്കാണ് എന്റെ കണ്ണിനു മുന്നില്‍ പ്രത്യക്ഷപ്പെടാറ്. ആ കാഴ്ച വൈകാതെത്തന്നെ നഷ്ടമാവുകയും ചെയ്തു. സ്റ്റോപ്പു കഴിഞ്ഞ് ബസ്സ് യാത്ര തുടങ്ങി കോളേജിലെത്തും വരെ എന്റെ മനസ്സില്‍ ആ ദയനീയ മുഖം മാത്രമായിരിക്കും. ആ കുഞ്ഞെവിടെപ്പോയി എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെങ്കിലും എനിക്കതിന് ഉത്തരം കിട്ടിയില്ല. ആവളെ ഒന്ന് നേരില്‍ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
ഒരു വിരുന്നുകാരനെപ്പോലെ എന്റെ മുന്നിലേക്ക് ആ ദിവസം എത്തി. ചാക്കിന്റെ ഭാരം കൊണ്ട് അല്ല, ലോകത്തിന്റെ അവശിഷ്ടങ്ങളുടേയും ദുര്‍ഗ്ഗന്ധങ്ങളുടേയും ഭാരം കൊണ്ട് അവള്‍ വളരെ പ്രയാസപ്പെട്ടാണ് ബസ്സിന്റെ കമ്പിയില്‍ പിടിച്ചു കയറിയത്. അവളെ കണ്ട് എല്ലാവരും മുഖം തിരിച്ചു. അവരുടെയെല്ലാം മുഖത്തെ പുച്ഛഭാവം എന്റെ ഹൃദയത്തെ സങ്കടപ്പെടുത്തി. തന്റെ അരികിലിരിക്കേണ്ട എന്ന ഭാവത്തോടെ എല്ലാവരും കാലുകള്‍ പരത്തിയിരുന്നു. അവളുടെ കയ്യിലെ ചാക്ക് നിലത്തിറക്കിയെങ്കിലും അവളുടെ മനസ്സിലെ ഭാരത്തില്‍ നിന്ന് അല്പം ഭാരം ചുമക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ അല്പം നീങ്ങി അവള്‍ക്ക് ഇരിക്കാന്‍ സ്ഥലം നല്കി. അവളുടെ അടുക്കല്‍ നിന്നു വരുന്ന ദുര്‍ഗന്ധം എന്നില്‍ ഒരിക്കലും അറപ്പുണ്ടാക്കിയില്ല. രണ്ടു സ്റ്റോപ്പു കഴിഞ്ഞപ്പോള്‍ അവള്‍ ചാക്കും തോളിലേറ്റി ബസ്സിന്റെ പടിയിറങ്ങി. അവളടുത്തിരിക്കുമ്പോള്‍ അവളോടു ചോദീക്കാനുള്ള നൂറ് ചോദ്യങ്ങള്‍ മനസ്സില്‍ വന്നെങ്കിലും എനിക്കത് ചോദിക്കാന്‍ കഴിഞ്ഞില്ല. ആകെ നിരാശയായി. അവളെക്കുറിച്ചറിയാന്‍ എന്റെ ഉള്ളം തുടിച്ചു. അവളിറങ്ങിപ്പോയപ്പോള്‍ എന്റടുത്തിരുന്നിരുന്ന സ്ത്രീ എന്തോ മന്ത്രിക്കുന്നതു ഞാന്‍ കേട്ടു. എനിക്കു പ്രിയപ്പെട്ടത് എന്തോ ആണ് അതെന്ന് തോന്നി ഞാന്‍ കാതോര്‍ത്തു. കാര്‍ത്തു ഇന്ന് ബസ്സിലാണല്ലോ...എത്ര ദൂരം വേണമെങ്കിലും മടിയില്ലാതെ നടക്കുന്ന ഇവളിന്നെന്താണ് ബസ്സില്‍..എനിക്കറിയേണ്ട കാര്യങ്ങള്‍ ആ സ്ത്രീക്കറിയാമെന്നു തോന്നി.അവരോട് ഞാന്‍ അവളെപ്പറ്റി ചോദിച്ചു.
ദാരിദ്ര്യത്തിലാണെങ്കിലും സന്തോഷത്തോടെ കഴിഞ്ഞു പോന്ന അവളുടെ ജീവിതത്തിലേക്ക് തെറിച്ചു വീണ കരട്, അത് നീക്കിമാറ്റാന്‍ അവള്‍ക്കിനിയും കഴിഞ്ഞിട്ടില്ല എന്നെനിക്കു മനസ്സിലായി.
വളരെ വേദന സഹിച്ച് പ്രസവമുറിയിലേക്കു പോകുമ്പോള്‍ കണ്ടതാണ് അവളുടെ ഭര്‍ത്താവിനെ. ബന്ധുക്കളോ മിത്രങ്ങളോ ഇല്ലാതിരുന്നിട്ടും ഒരു രോഗിയായ അവള്‍ ജീവിതത്തിനു മുന്നില്‍ കീഴടങ്ങിയില്ല.കുപ്പത്തൊട്ടിലില്‍ അഭയം തേടി ദീവിതത്തോടു പൊരുതുകയായിരുന്നു പിന്നീട്. രണ്ട് വൃക്കകളും തകരാറിലായതോ മരണം നിഴല്‍ പോലെ പിന്തുടരുന്നതോ അവള്‍ ഓര്‍ത്തില്ല. തന്റെ മകനെ നല്ല നിലയിലെത്തിക്കണമെന്ന ആഗ്രഹം അവളെ മുന്നോട്ടു നയിച്ചു.
കോളേജ് പഠിത്തം കഴിഞ്ഞ് ഒരു ജോലിയില്‍ പ്രവേശിച്ചപ്പോഴും എന്റെ മനസ്സില്‍ നിന്നും കണ്ണില്‍നിന്നും അവളുടെ മുഖം മാഞ്ഞില്ല. പക്ഷേ ഇന്നെനിക്ക് അവളെ കാണാന്‍ കഴിഞ്ഞില്ല, എന്തുകൊണ്ട്..? അടുര്രിരുന്ന സ്ത്രീ എന്നെ തട്ടി വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ ഞാന്‍ ഞെട്ടിയുണര്‍ന്നു. എനിക്കിറങ്ങേണ്ട സ്ഥലമെത്തിയിരിക്കുന്നു. കോളേജിലെത്തിയപ്പോള്‍ ആകെ തിരക്ക്. എന്താണെന്ന് മനസ്സിലായില്ല. ഞാന്‍ മുന്നോട്ടു നടന്നു.
ഞാന്‍ ഏറെ ആഗ്രഹിച്ച ആ വിജയം കൈവന്നിരിക്കുന്നു. ആദര്‍ശ്...എന്റെ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും ബുദ്ധിമാനും സമര്‍ത്ഥനുമായ താഴ്ന്ന ജാതിയില്‍പ്പെട്ട തെരുവിലേക്കു വലിച്ചെറിയപ്പെട്ട ആ വിദ്യാര്‍ത്ഥി എന്‍ട്രന്‍സ് പരീക്ഷയില്‍ ഏഴാം സ്ഥാനം നേടിയിരിക്കുന്നു.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അവന്റെ പഠനത്തിനായി സര്‍ക്കാര്‍ പതിനഞ്ചു ലക്ഷം രൂപ അനുവദിച്ചിരിക്കുന്നു.എനിക്കു സന്തോഷം അടക്കാനായില്ല. അവനെ കാണാന്‍ ഒരുപാടുപേര്‍ കോളേജിലേക്കു വന്നുകൊണ്ടിരുന്നു. അഭിനന്ദനചടങ്ങില്‍ ആദര്‍ശ് അവന്റെ അമ്മയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യഭ്യാസമന്ത്രി അതിനനുവാദം നല്കിയതോടെ ആ അമ്മ സാറ്റേജിലേക്കു കയറി വന്നു.
ആ കാഴ്ച കണ്ട് ഞാന്‍ സ്തംഭിച്ചുപോയി. വഴിയില്‍ ചപ്പുചവറുകള്‍ പെറുക്കിനടന്നിരുന്ന ആ സ്ത്രീയായിരുന്നു അത്. ആദര്‍ശ് പണ്ടെങ്ങോ അവളുടെ കയ്യില്‍ തൂങ്ങി നടന്നിരുന്ന ആ കുഞ്ഞായിരുന്നു. ഇന്ന് അവളെ വഴിയില്‍ കാണാതിരുന്നതിന്റെ രഹസ്യം എനിക്ക് അപ്പോഴാണ് മനസ്സിലായത്. അവള്‍ ഒരു ആയുഷ്ക്കാലം മുഴുവന്‍ വിയര്‍പ്പൊലിപ്പിച്ച് നടന്നത് അവളുടെ മകന് വേണ്ടിയായിരുന്നു. അവളുടെ മനസ്സിലെ എല്ലാ ദു:ഖങ്ങളും ഇറക്കി വെയ്ക്കാന്‍ കഴിയുന്ന ആ നിമിഷത്തില്‍ അവളുടെ ഒരായുസ്സിന്റെ അധ്വാനം, അവളുടെ മകന്‍ സൂര്യനെ വെല്ലുന്ന പ്രകാശത്തോടെ തിളങ്ങി നില്ക്കുന്ന കാഴ്ച കാണാന്‍ എത്തിയതാണവള്‍. അവളുടെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന ഇരുളില്‍ ഇന്ന് ഒരു വെളിച്ചമായി അവന്‍ എത്തി.
ഇരുള്‍ മൂടിയ ചക്രവാളത്തില്‍ അരുണാഭമായ ആ സൂര്യോദയം കണ്ട് എന്റെ കണ്ണും മനസ്സും നിറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ