സര്‍ക്കാര്‍ ജീവനക്കാരുടെ 2011-12 സാമ്പത്തിക വര്‍ഷത്തെ ജി.പി.എക്കൗണ്ടുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് GPF CREDIT CARD ലിങ്കില്‍ ക്ലിക്കു ചെയ്യുക
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. BEST VIEW IN LINUX MOZILLA FIREFOX

പ്രാദേശികം

 

ഒരു ഹയര്‍ സെക്കന്ററി സ്ക്കൂളിന്റെ പൂര്‍വ്വ ജന്മം 
കെ. ഗോപി എഴുത്തച്ഛന്‍
( ഒരു എഴുത്തുപള്ളി - ഹയര്‍ സെക്കന്ററി തലം വരെ വളര്‍ന്നതിന്റെ പരിണാമ സന്ധികള്‍. ഈ വളര്‍ച്ചക്കു പിന്നില്‍ ഒരു നാട്ടിന്‍പുറത്തിന്റെ ഇച്ഛാശക്തി മാത്രമായിരുന്നു. ഗ്രാമത്തിന്റെ പഴയ രാഷ്ട്രീയ,വ്യവഹാര, സാമൂഹ്യ, സാംസ്ക്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായിരുന്നു ലേഖകന്‍. )
         
       പിന്നോക്ക ജില്ലകളില്‍ താരതമ്യേന സാമ്പത്തികമായും വിദ്യഭ്യാസപരമായും ഒട്ടും തന്നെ മുന്നില്‍അല്ലാതിരുന്ന ഒരു പഴയ വള്ളുവനാടന്‍ കാര്‍ഷികഗ്രാമമായിരുന്നു ആലിപ്പറമ്പ്. ചെറുകാടിന്റെ മുത്തശ്ശി (നോവല്‍) യില്‍ വിവരിച്ചിട്ടുള്ള ഓത്തുപള്ളിയും നാട്ടെഴുത്തച്ഛന്മാര്‍ കൊണ്ടുനടന്നിരുന്ന എഴുത്തുപള്ളിയും ആയിരുന്നു അന്നത്തെ കുട്ടികള്‍ക്ക് പഠിപ്പിനുള്ള ഒരേയൊരാശ്രയം.
          ഈ ദുരവസ്ഥയ്ക്ക് ഒരു മാറ്റം വന്നത് അന്ന് നിലവിലിരുന്ന മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഇത്തരം ഒരു എഴുത്തുപള്ളി ഏറ്റെടുത്ത് അതിനെ എലിമെന്ററി സ്ക്കൂള്‍ ആക്കിയപ്പോള്‍ ആയിരുന്നു. പഠന സൗകര്യം അഞ്ചാം ക്ലാസ് വരെ മാത്രം. വിദ്യാര്‍ത്ഥികള്‍ പിഞ്ചുകുട്ടികള്‍ ആയിരുന്നിട്ടും ഇപ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നും വിധം ബോയ്സ് സ്ക്കൂള്‍ എന്നും ഗേള്‍സ് സ്ക്കൂള്‍ എന്നും അറിയപ്പെട്ടുകൊണ്ട് രണ്ട് കെട്ടിടങ്ങളില്‍ ആയിട്ടാണ് ക്ലാസുകള്‍ നടന്നുപോന്നത്. ആണ്‍-പെണ്‍ വേര്‍തിരിവ് അവിടം മുതലേ തുടങ്ങി. 
അഞ്ചാം ക്ലാസ് കഴിഞ്ഞാല്‍  
           ഉള്ളതു കൊണ്ട് ഓണം പോലെ എന്ന പഴഞ്ചൊല്ല് നിത്യജീവിതത്തില്‍ നടപ്പാക്കാന്‍ നാട്ടുകാര്‍ ശീലിച്ചിരുന്നു. പലവിധ ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ട് അവര്‍ കുട്ടികളെ വിദ്യയുടെ വെളിച്ചത്തിലേക്ക് സന്തോഷത്തോടെ പറഞ്ഞയച്ചു. അഞ്ചു കഴിഞ്ഞാല്‍ എന്ത്? ഉത്തരമില്ലാത്ത ചോദ്യമായിരുന്നു അത്. ഏതാനും ഭാഗം പുഴയാല്‍ ചുറ്റിക്കിടക്കുന്ന ഈ പ്രദേശത്തുനിന്ന് പുഴകടന്നും പിന്നെയും കുറെ നടന്നും വേണം നാഴികകള്‍ക്കപ്പുറമുള്ള ഹയര്‍ സെക്കന്ററി സ്ക്കൂളുകളില്‍ എത്താന്‍. അവിടങ്ങളില്‍ ചെന്നുപറ്റാതെ തുടര്‍ന്ന് പഠിക്കുവാന്‍ ഒരു വഴിയുമില്ല. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ "കൊഴിഞ്ഞുപോക്ക്" നിത്യസംഭവമായി.എന്തു വന്നാലും പഠിച്ചേ കഴിയൂ എന്നുള്ളവര്‍, രക്ഷിതാക്കന്മാരോട് വാശിപിടിച്ചും മറ്റും എല്ലാ കഷ്ടപ്പാടുകളും സഹിച്ചും, നേരിടാന്‍ ഉറച്ചുകൊണ്ടും പുഴകടന്ന് പോയിത്തുടങ്ങി.  
അഞ്ചില്‍നിന്നും നാലിലേക്ക് 
           യാത്രാക്ലേശം തന്നെ കഠിന ശിക്ഷയാണ്. അതിന്റെ പുറമേ വീണ്ടും ഒരു ഗ്രഹപ്പിഴ - ഈ അവസരത്തില്‍ അഞ്ചില്‍നിന്നും നാലിലെത്തുന്ന സ്ഥിതി വിദ്യാര്‍ത്ഥിയ്ക്ക് വന്നു ചേരുന്നു. മുന്‍ വിദ്യാലയത്തില്‍ പഠിച്ചതിന് രേഖയുണ്ടെങ്കിലും പുതിയ സ്ക്കൂളില്‍ പരീക്ഷ നേരിടേണ്ടിവരുന്നു. സ്വാഭാവികമായും നാട്ടിന്‍ പുറത്തെ പിന്നോക്കാവസ്ഥ ഈ പരീക്ഷാ ഘട്ടത്തിലും നിഴലിച്ചു എന്നു വരാം. പ്രവേശന പരീക്ഷയില്‍ നിരക്കെ തോല്‍വിയായി ഫലം. വിദ്യാര്‍ത്ഥിക്ക് ഒരു കൊല്ലം കൂടി നഷ്ടപ്പെടുന്നു.  
കടമ്പകള്‍ കടന്ന വീരന്മാര്‍ 
         ഇത്തരം കടമ്പകള്‍ എല്ലാം കടന്ന് പ്രദേശത്തുനിന്ന് ഏതാനും ചെറുപ്പക്കാര്‍ -യുവതലമുറ- ഉന്നതവിദ്യാഭ്യാസം നേടി എന്നത് അന്നത്തെ ആശ്ചര്യകരമായ സത്യമാണ്. അദ്ധ്യാപന രംഗത്തും രാഷ്ട്രീയ വ്യവഹാര മേഖലയിലും അവര്‍ സ്വന്തം അടയാളങ്ങള്‍ രേഖപ്പെടുത്തി. സ്വാതന്ത്ര്യസമരത്തിലും പൊതുരംഗത്തും അവരൊരു ശക്തിയായി. ഗാന്ധിജിയുടെ 'വാര്‍ദ്ധാ' ആശ്രമത്തില്‍ സേവനമനുഷ്ടിച്ച് പ്രശസ്തയായ അന്തര്‍ജ്ജന വനിത, ആര്യാപള്ളം നാടിന്റെ അഭിമാനമായി. .കെ.ജി യുടെ അധ്യക്ഷതയില്‍, കൃഷിക്കാരുടെ ദുരിതനിവൃത്തിക്കുള്ള നീക്കങ്ങളുടെ ഭാഗമായി വള്ളുവനാട് താലൂക്ക് കിസാന്‍ സമ്മേളനം ഇവിടെ വെച്ച് നടന്നത് ചരിത്രസംഭവമാണ്.  
എലിമെന്ററിയില്‍ നിന്ന് ഹയര്‍ എലിമെന്ററിയിലേക്ക് 
          വിദ്യാഭ്യാസ രംഗത്ത് നേരത്തെ വിവരിച്ച ദുരിതങ്ങള്‍ അടുത്ത തലമുറയ്ക്ക് അനുഭവപ്പെടാതെ ഉന്നതവിദ്യഭ്യാസം ലഭിക്കാന്‍ ഇവിടെ തന്നെ സൗകര്യം കിട്ടണം എന്ന ദൃഡനിശ്ചയത്തോടെ അറിവും അനുഭവസമ്പത്തും നേടിയ ഉത്സാഹികളായ ചെറുപ്പക്കാര്‍ പൊതുരംഗത്തു വന്നു. നാട്ടിന്‍പുറത്തെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരുടെ ഉറപ്പുള്ള പിന്‍ബലത്തില്‍ അഞ്ചാം ക്ലാസിന് ശേഷം ആറ്റില്‍ ചാടേണ്ട ഗതികേട് ഒഴിവാക്കാനുള്ള അക്ഷീണ യത്നം തുടങ്ങി.     
           അപ്പോള്‍ ഭാഗ്യം കൂടി ഈ പരിശ്രമങ്ങള്‍ക്ക് സഹായകരമായി കൂട്ടിനെത്തി. ആ ഘട്ടത്തില്‍ മലബാര്‍ ഡാസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരുന്നത് വിദ്യഭ്യാസരംഗത്ത് അനുഭവസമ്പന്നനും സുപ്രസിദ്ധനും ജനപ്രിയനും ആയ ഒരു മുന്‍ അധ്യാപകന്‍ ആയിരുന്നു, പി.ടി.ഭാസ്ക്കരപ്പണിക്കര്‍. ഈ പ്രദേശവുമായി ആദ്ദേഹത്തിന് വ്യക്തിപരമായിത്തന്നെ അടുപ്പമുണ്ടായിരുന്നു. അതു കൊണ്ട് ഈ വിദ്യാലയത്തിന്റെ ദുരവസ്ഥയും ഹയര്‍ എലിമെന്ററി നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ട അടിയന്തിര ചുറ്റുപാടുകളും പ്രസിഡന്റിനെ ബോധ്യപ്പെടുത്തുവാന്‍ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല. അങ്ങിനെ എഴുത്തുപള്ളിയുടെ ജന്മാന്തര യാത്ര മൂന്നാം ഘട്ടത്തിലേക്ക് കടന്നു. നാട്ടില്‍ ഒരു ഹയര്‍ എലിമെന്ററി വിദ്യാലയം ഉണ്ടായി.      
            അപ്പോഴാണ് ദുരിതം മറ്റൊരു വഴിയേ വന്ന് പ്രവര്‍ത്തകരെ പിടികൂടിയത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ക്കൂള്‍ കെട്ടിടം പലവിധകാരണങ്ങളാല്‍ ഒഴിയേണ്ടിവന്നു. വിദ്യാലയാരംഭത്തില്‍ തന്നെ മറ്റു സ്ഥലം കണ്ടെത്തേണ്ടതായി വന്നു. ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തകര്‍ എങ്ങിനെയൊക്കെയോ ക്ലാസുകള്‍ മുടങ്ങാതെ കഴിച്ചു കൂട്ടി. ആദ്യ ഘട്ടത്തില്‍ അന്ന് വിദ്യാലയത്തില്‍ ഉണ്ടായിരുന്ന അധ്യാപകരും പരമാവധി ബുദ്ധിമുട്ടുകളെല്ലാം സഹിച്ച് ക്ലാസുകള്‍ നടത്തുവാന്‍ സഹകരിച്ചിരുന്നു എന്നത് സ്മരണീയമാണ്.  
സ്വന്തം കെട്ടിടത്തില്‍ കുടിയിരിക്കുന്നു  
      ആയിടയ്ക്ക് സംസ്ഥാന വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ സി.എച്ച്.മുഹമ്മദ് കോയയ്ക്ക് പെരിന്തല്‍മണ്ണയില്‍ നല്‍കിയ ഒരു പൗരസ്വീകരണ യോഗത്തില്‍ വെച്ച് ഈ വിദ്യാലയത്തില്‍ നിന്ന്,കെട്ടിടം ഇല്ലാത്ത വിഷമാവസ്ഥ ബോധിപ്പിക്കുന്ന നിവേദനം പ്രവര്‍ത്തകര്‍ സമര്‍പ്പിക്കുകയുണ്ടായി. കൃത്യം ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാറില്‍ നിന്നും മറുപടി കിട്ടി. ഒരേക്കര്‍ സ്ഥലം സൗജന്യമായി സര്‍ക്കാറിലേക്ക് നല്‍കിയാല്‍ അവിടെ സര്‍ക്കാര്‍ ചിലവില്‍ കെട്ടിടം പണിയാന്‍ തയ്യാറാണ്.സ്ഥലത്തെ ഒരു മാന്യവ്യക്തിയെ പ്രവര്‍ത്തകര്‍ നേരില്‍കണ്ട് കാര്യത്തിന്റെ കിടപ്പും ഗൗരവവും വ്യക്തമാക്കി. അദ്ദേഹം ആവശ്യമായ ഒരേക്കര്‍ സ്ഥലം സൗജന്യമായി സര്‍ക്കാറിലേക്ക് കൈമാറാന്‍ സമ്മതിക്കുകയും റജിസ്റ്റര്‍ ചെയ്തു കൊടുക്കുകയും ചെയ്തു. വിദ്യാലയ മന്ദിര നിര്‍മ്മാണത്തിന് ഔദ്യോഗിക കല്പനയും വന്നു.   
           സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന ചൊല്ല് ഇവിടേയും തെറ്റിയില്ല. കാര്യങ്ങള്‍ ഇഴഞ്ഞിഴഞ്ഞ് ഒരു കടവത്തും അടുക്കുന്ന ലക്ഷണം കണ്ടില്ല. പ്രവര്‍ത്തകരുടെ അക്ഷീണയത്ന ഫലം ഇത്രത്തോളം ആയിട്ടും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ പെരിന്തല്‍മണ്ണ, പട്ടാമ്പി നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ (കെ.കെ.എസ്.തങ്ങള്‍, .പി.ഗോപാലന്‍) വേണ്ടപോലെ ശ്രദ്ധിച്ചപ്പോള്‍ ചുവപ്പുനാടയുടെ കെട്ടഴിഞ്ഞു. ധനകാര്യവകുപ്പില്‍ നിന്നും ഫയല്‍ പോന്നു, ഇന്നു കാണുന്ന കെട്ടിടം ഉണ്ടായി. നല്ല മുഹൂര്‍ത്തത്തില്‍ സ്ക്കൂള്‍ അതില്‍ കുടിയിരുന്നു.    
എഴുത്തുപള്ളിയുടെ നാലാം ജന്മം - ഹൈസ്ക്കൂള്‍  
           ഹയര്‍ എലിമെന്ററി സ്ക്കൂളുകള്‍ക്ക് അപ്പര്‍ പ്രൈമറി സ്ക്കൂള്‍ എന്ന പേരുമാറ്റം വന്നു. എട്ടു ക്ലാസുകളുടെ കേമത്തം പോയി, ഏഴു ക്ലാസുകള്‍ മാത്രമായി. അഞ്ചില്‍ നിന്ന് നാലിലേക്ക് എന്ന പണ്ടത്തെ ദുരവസ്ഥ. ഏഴില്‍ നിന്ന് ആറിലേക്ക് എന്നാവാതിരിക്കാന്‍ ഹൈസ്ക്കൂള്‍ ഉണ്ടാവുകതന്നെ വേണം. അങ്ങിനെയാണ് നിലവിലുള്ള യു.പി. സ്ക്കൂള്‍ ഹൈസ്ക്കൂള്‍ ആക്കാനുള്ള പരിശ്രമം പ്രവര്‍ത്തകര്‍ ആരംഭിച്ചത്.     
           ഗവണ്‍മെന്റ് വാതിലുകളില്‍ തട്ടിവിളി തകൃതിയാക്കി. സര്‍ക്കാര്‍ വഴി പഴയതുതന്നെ. ഭൂമി സൗജന്യമായി കിട്ടണം. മൂന്ന് ക്ലാസ് റൂമുകളും നാട്ടുകാര്‍ സൗജന്യമായി നിര്‍മ്മിച്ചുകൊടുക്കണം. ഹൈസ്ക്കൂളിന് മൂന്നേക്കര്‍, യു.പി യോട് അറ്റാച്ച്ഡ് ആണെങ്കില്‍ രണ്ടേക്കര്‍ മതി.   
            നിരാശരായിരിക്കുവാന്‍ സമയമില്ലായിരുന്നു. വിദ്യാലയ പ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ പിന്‍ബലവും പഞ്ചായത്തിന്റെ സഹായവും എപ്പോഴും ഒരുറപ്പായിരുന്നു. എങ്കിലും യു.പി യോട് അറ്റാച്ച്ഡ് ആയിട്ടുള്ള ഏതാനും സെന്റ് സ്ഥലം കിട്ടുക എളുപ്പമായിരുന്നില്ല. ചെറുപ്പത്തില്‍ത്തന്നെ തൊഴിലും രക്ഷയും നേടി നാടുവിട്ട് ബാംഗ്ലൂരില്‍ H. A. L. ല്‍ ജോലികിട്ടി, അവിടെ കഴിയുന്ന സഹോദരന്മാരായ രണ്ടു പേരുടെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം. പ്രവര്‍ത്തകര്‍ അവരുമായി ബന്ധപ്പെടുകയും ആ സ്ഥലം കിട്ടിയാലേ ഹൈസ്ക്കൂള്‍ കിട്ടുകയുള്ളൂ എന്ന ഗൗരവ സ്ഥിതിവിശേഷം ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. അവരുടെ ദേശസ്നഹത്തിന്റേയും വിദ്യാലയത്തിനായി പ്രവര്‍ത്തിക്കുന്നവരോടുള്ല സൗഹൃദ ബഹുമാനങ്ങളുടേയും പ്രേരണയാല്‍ ആ മാന്യ സുഹൃത്തുക്കള്‍ സസന്തോഷം സ്ഥലം വിട്ടുതരികയും ചെയ്തു. തികയാതെ വന്നതിലേക്ക് ഗ്രൗണ്ടിനായി ഉപയുക്തമാകും വിധം ഒരേക്കര്‍ സ്ഥലം, ആദ്യ ഘട്ടത്തില്‍ യു.പി യ്ക്കായി ഒരേക്കര്‍ സ്തലം നല്കിയ മാന്യ വ്യക്തിയുടെ മകനില്‍ നിന്നും സംഭാവനയായി ലഭിക്കുകയും ചെയ്തു. ഇതെല്ലാം അടക്കം ഹൈസ്ക്കൂളിനാവശ്യമായ മൂന്ന് ക്ലാസ് റൂമുകള്‍ക്കുള്ള മന്ദിരവും, നാട്ടുകാരുടേയും പഞ്ചായത്തിന്റേയും സഹകരണത്തോടെ യാഥാര്‍ത്ഥ്യമാക്കി. സര്‍ക്കാറിലേക്കു രേഖാമൂലം കൈമാറി. അധികം താമസിയാതെ ഹൈസ്ക്കൂള്‍ നിലവില്‍ വന്നു. ഇത് എഴുത്തുപള്ളിയുടെ നാലാം ജന്മം
ഹയര്‍സെക്കന്ററിയിലേയ്ക്ക് 
         കൊല്ലങ്ങള്‍ക്കു ശേഷം ഹയര്‍ സെക്കന്ററി സ്ക്കൂള്‍ എന്ന അഞ്ചാം ജന്മത്തിലേയ്ക്ക് പ്രവേശിച്ചു. ഇപ്പോള്‍ വിദ്യയുടെ നിറ വെളിച്ചത്തിന്റെ ശോഭയോടെ അങ്ങിനെ നില്‍ക്കുന്നു. ഇന്നിവിടെ ഒന്നാം ക്ലാസില്‍ ചേരുന്ന ഒരു കുട്ടിയ്ക്ക് പന്ത്രണ്ടാം ക്ലാസുവരെയുള്ള പഠിപ്പ് തുടരുവാന്‍ വിഘ്നങ്ങള്‍ ഒന്നുമില്ല.  
         വിജ്ഞാനതൃഷ്ണയുടേയും ജനകീയ കൂട്ടായ്മയുടേയും പൊതുപ്രവര്‍ത്തകരുടെ അര്‍പ്പണ ബോധത്തോടെയുള്ള ലക്ഷ്യോന്മുഖമായ പരിശ്രമങ്ങളുടേയും നിത്യ നിദര്‍ശനമാണ് ഈ മഹാവിദ്യാലയം.    
         ഇച്ഛാ ശക്തിയും പ്രവര്‍ത്തന ശേഷിയും ഉദ്ദേശ ശുദ്ധിയും ഉണ്ടെങ്കില്‍ എത്രയോ സൗകര്യങ്ങള്‍ നാട്ടില്‍ ഉണ്ടാക്കുവാന്‍ കഴിയും. ഇന്നിവിടെ ഗതാഗത സൗകര്യമുള്ള ധാരാളം റോഡുകള്‍, ബസ് സര്‍വ്വീസുകള്‍, വായനശാലകള്‍ എന്നിവയും ഇവയ്ക്കെല്ലാം ഉപരിയായി രോഗികള്‍ക്ക് പെട്ടെന്ന് ചെന്നെത്താവും വിധം സൗകര്യപ്രദമായ സ്ഥലത്ത് ഗവണ്‍മെന്റ് ഡിസ്പെന്‍സറിയും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പൊതുജനബലം എന്നൊന്നുണ്ട്. അതിനു മുമ്പില്‍ എല്ലാ തടസ്സങ്ങളും തല കുനിയ്ക്കും.
(കാറല്‍മണ്ണ എന്‍.എന്‍.എന്‍.എ.യു.പി.സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി - 2008 സ്മരണികയിലെഴുതിയ ലേഖനം)


2 അഭിപ്രായങ്ങൾ: