സര്‍ക്കാര്‍ ജീവനക്കാരുടെ 2011-12 സാമ്പത്തിക വര്‍ഷത്തെ ജി.പി.എക്കൗണ്ടുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് GPF CREDIT CARD ലിങ്കില്‍ ക്ലിക്കു ചെയ്യുക
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. BEST VIEW IN LINUX MOZILLA FIREFOX

6.7.12

          
 (വായനാവാരത്തോടനുബന്ധിച്ച് നടത്തിയ പുസ്തകാസ്വാദനക്കുറിപ്പു മത്സരത്തില്‍ സ്ക്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ സൃഷ്ടി.)
               കേരളത്തിന്റെ മണ്ണും മനുഷ്യനും അനന്തമായ ആകാശവും ഇന്നും ചുവന്നതാണെന്ന് ലോകത്തോട് വിളിച്ചറിയിക്കുന്ന സൃഷ്ടിയെന്ന് ഒറ്റനോട്ടത്തില്‍ പറയാം.  ആയിരം തിരിയിട്ട അന്ധകാരത്തില്‍ നിന്ന് വിമോചനത്തിന്റെ രണഭേരിയായത് പടര്‍ന്നു കയറുന്നു. അനന്തമായ ഈ ലോകത്തെ കുടുംബ ബന്ധങ്ങള്‍ വെറും മായാ വലയങ്ങളാണെന്ന മഹാസത്യം കാണിച്ചു തന്ന്, ഏകാന്തമായി സ്വയം ജ്വലിച്ചു നില്‍ക്കുന്ന സൂര്യ, ആ കിരണങ്ങളില്‍പോലും അധികാരം നഷ്ടപ്പെട്ട ചില മനുഷ്യജന്മങ്ങള്‍. ആ കണ്ണീരിന്റെ ആഴം മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ചിലര്‍ മാത്രം. ഇത്തരത്തില്‍ ആധുനിക മലയാള സാഹിത്യത്തില്‍ ഒരു പാത വെട്ടിത്തെളിയിച്ച കഥാകാരനാണ് സേതു. നോവല്‍, കഥ വിഭാഗങ്ങളില്‍ 33 കൃതികള്‍ അദ്ദേഹത്തിന്റെ നാമത്തിന് സ്വന്തം. മനുഷ്യമനസ്സിന്റെ അഗാധതകളും ഭ്രമാത്മകതയും തന്റെ കൃതിക്ക് വിഷയമാക്കാറുള്ള അദ്ദേഹത്തിന്റെ രചനകളിലെ നായികമാര്‍ പലപ്പോഴും സ്ത്രീ ജീവിതത്തിന്റെ പ്രശ്നങ്ങളെ സമര്‍ത്ഥമായി ആവിഷ്കരിക്കുന്ന തരത്തില്‍ കരുത്തുറ്റവരുമായിരിക്കും. ഈ രണ്ട് ഘടകങ്ങളും ഏറ്റവും ഹൃദ്യമായി ഒത്തുചേര്‍ന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച നോവലുകളിലൊന്നാണ് പാണ്ഢവപുരം.
        പാണ്ഢവപുരം, ആ പേരില്‍ നിന്നു തന്നെ ഒരു പാടു ഹൃദയങ്ങളുടെ നിലവിളികള്‍ കേള്‍ക്കാം. അജ്ഞാതവാസത്തിനു പറ്റിയ സ്ഥലം.  ആളൊഴിഞ്ഞ പ്ലാറ്റ്ഫോമില്‍ അപരിചിതനായ വിരുന്നുകാരനേയും പേറി വരുന്ന വണ്ടി കാത്തിരിക്കുകയാണ് ദേവി എന്ന സുന്ദരിയായ സ്ത്രീ രൂപം.
           കയ്യില്‍ കിട്ടുന്ന ഓരോ കല്ലും കുപ്പിച്ചില്ലും, വേര്‍തിരിച്ചറിയുന്ന ഗന്ധങ്ങളും ശബ്ദങ്ങളും നല്‍കുന്ന അറിവും ഒക്കെ ചേര്‍ത്തുവെച്ച് അവള്‍ മെനഞ്ഞുണ്ടാക്കുന്ന ഒരാള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാഴ്ചത്തെ പരിചയം മാത്രമുള്ള മനുഷ്യന്റെ ഭാര്യയായി അമ്പരപ്പോടെ കാലുകുത്തിയ ആ പാണ്ഢവപുരം ഇപ്പോള്‍ എത്രയോ അകലെയാണെന്നവള്‍ക്കറിയാം. പാണ്ഢവപുരത്തെ ഓര്‍മ്മകള്‍ പോലും വെറുക്കുന്ന, അപൂര്‍വ്വമായ ചില ഓര്‍മ്മകളുടെ നിറപ്പകിട്ടുള്ള കുപ്പിച്ചില്ലുകള്‍ ചിതറിക്കൊണ്ട് അവളുടെ മനസ്സിലേക്ക് കടന്നു വരുന്നത് കഥാകൃത്ത് വളരെ മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്. മഞ്ഞച്ചായം പൂശിയ കോളനിയിലെ വൃത്തിഹീനമായ തെരുവുകളേക്കാള്‍ എത്രയോ മടങ്ങ്  വൃത്തികേടായി കിടക്കുന്ന പുരുഷ ഹൃദയങ്ങള്‍. നവവധുവായി പാണ്ഢവപുരത്തേക്കെത്തുന്ന ഓരോ സ്ത്രീയും ശ്രീകോവിലിലെ , ചുവന്ന ഉടയാളകളണിഞ്ഞ, നെറുകയില്‍ സിന്ദൂരമണിഞ്ഞ് ചമ്രം പടിഞ്ഞിരുന്ന ദേവിയോട് പ്രാര്‍ത്ഥിച്ചു. പാണ്ഢവപുരത്തെ ജാരവന്മാരുടെ ആകഷണവലയങ്ങളില്‍ കുടുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണേ.. എന്നിട്ടും അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം പന്താടാനായി തെരുവുകളിലൂടെ ജാരന്മാര്‍ പുളച്ചു നടന്നു. മുജ്ജന്മത്തില്‍ അവള്‍ ചെയ്തു കൂട്ടിയ പാപത്തിന്റെ കറ മാഞ്ഞുപോകുവാനായിരിക്കും താലി കെട്ടി കുറച്ചുനാള്‍ കഴിയുമ്പോഴേക്കും കുഞ്ഞിക്കുട്ടേട്ടന്‍ അവളെ പഴന്തുണിപോലെ വലിച്ചറിയുന്നത്. ആ ഏകാന്തവാസം അവളെ ഈ പ്ലാറ്റ്ഫോം വരെ എത്തിച്ചത് കഥാകൃത്തിന്റെ അതിമനോഹരമായ ഭാവനയാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
             അവസാനത്തെ തീവണ്ടിയുടെ ശബ്ദം ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ നിന്ന് അവളെ തട്ടിയുണര്‍ത്തി. അതിഥിയുടെ അസാമീപ്യം അവളുടെ മനസ്സില്‍ നിരാശ പടര്‍ത്തി. അയാള്‍ പാണ്ഢവപുരത്തേക്ക് വന്നിറങ്ങുന്ന ദൃശ്യം അവള്‍ അകക്കണ്ണാല്‍ കാണുന്നു.
          പ്ലാറ്റുഫോമില്‍ അവനെ കാത്തിരിക്കാന്‍ ദേവിയില്ലാത്ത ഒരു ദിവസം അവന്‍ പാണ്ഢവപുരത്ത് കാലെടുത്ത് വെച്ചു. പ്രയാസങ്ങളൊരുപാട് താണ്ടി അവന്‍ തന്റെ സുഹൃത്തായിരുന്ന കുഞ്ഞിക്കുട്ടന്റെ അനിയത്തിയോടും അവരുടെ സുഹൃത്ബന്ധത്തെക്കുറിച്ച് വര്‍ണ്ണിക്കുമ്പോഴും ദേവിയും കുഞ്ഞിക്കുട്ടനും ചെയ്തു കൂട്ടിയ തമാശക്കഥകള്‍ പറയുമ്പോഴും ദേവിയുടെ മുഖത്ത് ഒരു നടുക്കവും ഇല്ലായിരുന്നു. അവള്‍ പാണ്ഢവപുരമെന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് അവളുടെ മുഖത്തെ നിഴല്‍ വ്യക്തമാക്കിയിരുന്നു. അത് അവള്‍ ഒരു പാടു നേരം ആവര്‍ത്തിച്ചു പറയുകയും ചെയ്തു. തെളിവുകളോടെ അയാള്‍ വന്നത്, അവള്‍ ഒരപരിചിതന്റെ വേഷം തന്നെ അണിയിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. താന്‍ എന്തിന് ഒരപരിചിതന്റെ പേരില്‍ ഇവിടെ വന്നു എന്ന് അയാള്‍ സ്വയം ചിന്തിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണം അയാള്‍ക്ക് മനസ്സിലായില്ല. ഈ സംഭവത്തിലൂടെ കഥാകൃത്ത് വായനക്കാരെ ആശയക്കുഴപ്പത്തിലെത്തിക്കുന്നു.
           അപരിചിതയായി ഒരുപാട് രാവുകള്‍ അവള്‍ അഭിനയിച്ചെങ്കിലും ഒരു രാത്രിയില്‍ ആ ദിവ്യസത്യം വെളിപ്പെടുത്തി. അവള്‍ ഒരുപാട് തപസ്സിരുന്ന്  ശക്തി നേടി ആവാഹിച്ചു വരുത്തിയതാണ് എന്നറിഞ്ഞപ്പോള്‍ അവന്റെ മുഖത്ത് ജ്വലിച്ചു നിന്നിരുന്ന ആശ്വാസത്തിന്റെ തീനാളങ്ങള്‍ അണഞ്ഞുപോയി. അവളില്‍ അനാവശ്യമായ മോഹങ്ങള്‍  മുളച്ചതിന് തന്റെ ജീവിതം താറുമാറാക്കിയതിന്  അയാളുടെ അനന്തതയുടെ പത്തിയില്‍ ചവിട്ടി ചെളിക്കുണ്ടിലേക്കു താഴ്ത്താന്‍ അവള്‍ മോഹിച്ചു. തന്റേയും കുഞ്ഞുട്ടേട്ടന്റേയും ജീവിതത്തിലേക്ക് കഴുകക്കണ്ണുകളോടെ നോക്കിയിരുന്ന അയാള്‍ സൂത്രത്തില്‍ തന്റെ ജീവിതം ചവറ്റുകൊട്ടയിലാക്കി. അവള്‍ അയാളെ ദാഹം ക്ഷമിക്കാത്ത യക്ഷിയെപ്പോലെ കടിച്ചുകീറാന്‍ തുടങ്ങി. തന്റെ ജീവിതം ജാരന്റെ മുഖംമൂടിയണിഞ്ഞ് കൊത്തിത്തിന്ന അയാളുടെ ഓരോ ഞരമ്പും അരിഞ്ഞ് കളയാന്‍ അവളുടെ ഹൃദയം വിതുമ്പി. പകയുടെ കണ്ണിലെ തീക്കനില്‍ അവനെ ചുട്ടെടുക്കാന്‍ അവള്‍ ആഗ്രഹിച്ചു. ആ ദാഹവുമായ് രാത്രിയുടെ മടിത്തട്ടില്‍ മയങ്ങിയ അവള്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് ശൂന്യമായ അവന്റെ മുറിയാണ്. തകര്‍ന്ന ഹൃദയമുള്ള അവന്റെ മുഖം കാണാതായപ്പോള്‍ പരിഭ്രമത്തോടെ അയാളെക്കുറിച്ച് അന്വഷിച്ചു. അവളിലുണ്ടായ ഈ മാറ്റം ജിജ്ഞാസയോടെയല്ലാതെ മറ്റുള്ളവര്‍ക്കു നോക്കാന്‍ കഴിഞ്ഞില്ല. ആ വീട്ടിലെ മറ്റു അംഗങ്ങളൊന്നും അവള്‍ പറയുന്ന ആളെ കണ്ടിട്ടില്ല. പാണ്ഢവപുരമെന്ന പേരും കേട്ടിട്ടില്ല. ഈ സംഭവം പുതിയൊരു വഴിത്തിരിവാണ്. സ്വയം ആശ്വസിച്ചുകൊണ്ട് അവള്‍ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ദീര്‍ഘനേരം അവിടെയിരുന്നു. പാണ്ഢവപുരത്തെ രണ്ടാമത്തേയും മൂന്നാമത്തേയും ജാരന്മാര്‍ വരുന്നതും കാത്ത്. അവരെ ചവിട്ടിയരക്കാനുള്ള ശക്തിയുമായി.
             അവളുടെ സ്വപ്നങ്ങളില്‍ നിന്ന് ഉയിരെടുത്ത ആ പാണ്ഢവപുരം വിഭ്രാമകമായ അനുഭവങ്ങളിലൂടെ, അപരിചിതമായ പ്രമേയവും ഓര്‍മ്മകളും കൊണ്ട് വായനക്കാരെ ആകര്‍ഷിച്ച ഈ നോവല്‍ ദുര്‍ബലരായ പെണ്‍കുട്ടികളുടെ നിലവിളി കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഓരോ മനുഷ്യഹൃദയവും, ഹൃദയത്തിന്റെ താളില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. ഭൂമിയില്‍ ജനിച്ചു വീഴുമ്പോള്‍ മുതല്‍ വാത്സല്യവും സ്നേഹവും നല്‍കി എത്രശാന്തമായി, സൗമ്യമായി അത്യാഗ്രഹത്തിന്റെ ചിറകിലേക്കൊന്ന് എത്തിനോക്കുക പോലും ചെയ്യാതെ ജീവിതം കെട്ടിപ്പടുക്കുന്ന സ്ത്രീകള്‍ ലോകത്തിന്റെ വെളിച്ചമാണ്. പക്ഷേ എന്തും സഹിക്കാമെന്നുള്ള മനോഭാവം അവരെ മറ്റുള്ളവരുടെ പാദത്തിനടിയില്‍ പ്രതിഷ്ഠിക്കുന്നു. ത്യാഗത്തിന്റെ ആ സുന്ദര രൂപങ്ങള്‍ വെറും കളിപ്പാവകളായി ചിലര്‍ ചീന്തിക്കളയുമ്പോള്‍ ഒരു പുല്‍ക്കൊടി പോലുമറിയാതെ അരുതേയെന്നു പറയാറുണ്ട്. കഥാകൃത്ത് പുല്‍ക്കൊടിയെപ്പോലെ നിസ്സഹായതയുടെ തടവറയില്‍ നിന്നുകൊണ്ടല്ല, തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്ന പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥയില്‍ സഹായിക്കുന്നത്. മറിച്ച് അവരെ പാവകളേപ്പോലെ അമ്മാനമാടുന്ന കൈകളുടെ ചലനശേഷിയെ ബന്ധിപ്പിച്ച് , ആ വേട്ടപ്പട്ടികളുടെ മുഖത്ത് ആഞ്ഞടിച്ചുകൊണ്ടാണ് സമൂഹത്തെ രക്ഷിക്കുന്നത്. തകര്‍ന്നു പോയ സ്ത്രീ ഹൃദയത്തിന്റെ ഏകാന്തതയെ അതിസുന്ദരമായി വര്‍ണ്ണിക്കുമ്പോഴും നേരിയ തോതിലെങ്കിലും പ്രകൃതിയുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ കഴിഞ്ഞു എന്നത് കഥാകൃത്തിന്റെ അത്ഭുതപ്പെടുത്തുന്ന ശക്തി തന്നെയാണ്.
              ഒരു പേടി സ്വപ്നത്തെപോലെ ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ ഓരോ വാക്കുകളും വിഭ്രാമകമായ അനുഭവങ്ങളിലൂടെ അപരിചിതമായ നിമിഷങ്ങളിലൂടെ മനുഷ്യഹൃദയങ്ങഴെ പിന്തുടരുന്ന ഈ നോവല്‍ നവീന ഭാവുകത്വത്തിനു കൈവന്ന അപൂര്‍വ്വ ലബ്ധിയാണ്.

24.5.12

2012-2013അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന  കുട്ടികളേ....നിങ്ങള്‍ക്ക് ആലിപ്പറമ്പ് ബ്ലോഗിന്റെ ആശംസകള്‍...............!

7.5.12

യു.എസ്.എസ്. സ്കോളോര്‍ഷിപ്പ് നേടിയ രോഹിത്ത്. കെ.കെ.(ആലിപ്പറമ്പ് ജി.എച്ച്.എസ്.എസ്.)

ആശംസകളോടെ........

                              ആലിപ്പറമ്പ് ബ്ലോഗ് ടീം.

14.4.12

         ശാസ്ത്രം ഇന്ന് ഒട്ടേറെ മുന്നേറിക്കഴിഞ്ഞു. ദിവസം തോറും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്തരം കണ്ടുപിടുത്തങ്ങളില്‍ ഒരു നാഴികക്കല്ലാണ് നാനോടെക്നോളജിയുടെ കണ്ടുപിടുത്തം. ദ്രവ്യത്തെ അതിന്റെ പരമാണുതലത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി. ഒരു മൈക്രോമീറ്ററില്‍ താഴെയുള്ള സൂക്ഷ്മ യന്ത്രങ്ങളുടെ നിര്‍മ്മാണം, അവയുടെ പരിരക്ഷ എന്നിവയെല്ലാം നാനോടെക്നോളജിയുടെ പരിധിയില്‍ വരുന്നു.

       ദ്രവ്യത്തെ നാനോതലത്തില്‍ ചെറുതായി പരുവപ്പെടുത്തുമ്പോള്‍ അത് ഭൗതിക-കാന്തിക-രാസ മാറ്റങ്ങള്‍ക്ക് വിധേയമാകും. ഇങ്ങനെയുള്ള മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമവുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് നാനോടെക്നോളജിയുടെ പ്രധാന ലക്ഷ്യം. നാനോ മീറ്റര്‍ എന്നതിന്റെ ചുരുക്കമാണ് നാനോ. ഒരു മീറ്ററിന്റെ 1000 കോടിയില്‍ ഒരു അംശമാണ് ഒരു നാനോമീറ്റര്‍. കുള്ളന്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദത്തില്‍ നിന്നാണ് നാനോ എന്ന പദത്തിന്റെ ആരംഭം.നാനോ ടെക്നോളജി രസതന്ത്രത്തിന്റെ സഹായത്തോടെ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

       നാനോപദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണത്തിന് ബോട്ടം അപ്പ് , ടോപ്പ് അപ്പ് എന്നീ രണ്ടു രീതികള്‍ അവലംബിക്കാവുന്നതാണ്. നാനോ പദാര്‍ത്ഥങ്ങള്‍ വലിപ്പം കൂടിയ പദാര്‍ത്ഥങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് ടോപ്പ് അപ്പ്. തന്മാത്രകളും ആറ്റങ്ങളും കൂടിച്ചേര്‍ന്ന് നിര്‍മ്മിക്കുന്നവയാണ് ബോട്ടം അപ്പ്. സൂക്ഷ്മദര്‍ശിനികളുടെ കണ്ടുപിടുത്തമാണ് നാനോടെക്നോളജിയെ ഉന്നതനിലയിലെത്തിച്ചത്. 1980 ലെ IBM കമ്പനിയിലെ ശാസ്ത്രജ്ഞര്‍ ആറ്റോമിക് ഫോര്‍സ് മൈക്രോ സ്കോര്‍ സ്കാനിങ്ങ്,ടണലിങ്ങ് മൈക്രോസ്കോപ്പ് എന്നിവ കണ്ടുപിടിച്ചു. ഈ ഉപകരണങ്ങള്‍ ആറ്റങ്ങളെ നിരീക്ഷിക്കാനും അവയെ കൈകാര്യം ചെയ്യാനും സഹായിച്ചു.

        പണ്ടുമുതലേ നാനോ ടെക്നോളജി രസതന്ത്രത്തിലും നിത്യജീവിതത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്. അലക്സാണ്ട്രിയയിലെ രസതന്ത്രജ്ഞര്‍ യൗവനം നിലനിര്‍ത്താനായി സൃഷ്ടിച്ച ഔഷധത്തില്‍ സ്വര്‍ണ്ണത്തിന്റെ നാനോകണങ്ങള്‍ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍ റോമില്‍ പ്രചാരത്തിലുണ്ടായിരുന്ന ലൈകര്‍ഗസ് കോപ്പകളില്‍ 70 നാനോമീറ്റര്‍ വലുപ്പമുള്ള നാനോ കണങ്ങളുണ്ടായിരുന്നത്രേ.

31.3.12


         ഭൂമിയിലെ സ്വര്‍ഗം-വര്‍ണ്ണച്ചിറകുള്ള കുഞ്ഞു പൂമ്പാറ്റകളുടെ മായാലോകം; അതാണെന്റെ വിദ്യാലയം. സ്വര്‍ഗതുല്യമായ സരസ്വതീക്ഷേത്രം-അതാണ് ഗവ. ര്‍ സെക്കന്ററി സ്ക്കൂള്‍, ആലിപ്പറമ്പ്. ഞങ്ങളില്‍ ജ്ഞാനത്തിന്റെ ദീപം കൊളുത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട സ്ക്കൂള്‍.
          ഒരു ചെറിയ സ്ക്കൂളില്‍ നിന്ന് ഇവിടുത്തെ അഞ്ചാം ക്ലാസിലേക്ക് എത്തിച്ചേര്‍ന്ന എനിക്ക് ഇതൊരു അത്ഭുതലോകമായിരുന്നു. ആദ്യമൊക്കെ എനിക്ക് പേടി തോന്നിയിരുന്നു. എന്നാല്‍ പതിയെ പതിയെ ഞാന്‍ അതിനോട് ഇടങ്ങിച്ചേര്‍ന്നു.
          കഴിഞ്ഞ ആറു വര്‍ഷത്തെ പഠനത്തിനു ശേഷം ഈ കലാലയത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഒരു പാടു ഓര്‍മ്മകള്‍.......
          അനന്തമായ വിദ്യ ഞങ്ങള്‍ക്കു പകര്‍ന്നു നല്കിയ അധ്യാപകര്‍, അറിവിന്റെ അഗാധമായ ആഴങ്ങളിലേക്ക് മുങ്ങിത്തപ്പാന്‍ ഞങ്ങളെ പ്രേരിപ്പിച്ച ഞങ്ങളുടെ അധ്യാപകര്‍........കുറച്ചു പേരുടെ പേരുകള്‍ മാത്രം ഇവിടെ സ്മരിച്ചാല്‍ അത് പൂര്‍ണ്ണമാവില്ല. ഞങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗാത്മകശേഷി കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായിച്ച അധ്യാപകരെ വാനോളം പുകഴ്ത്തിയാലും കൂടുതലാവില്ല. അവര്‍ പലപ്പോഴും അവരുടെ മക്കളേക്കാള്‍ ഞങ്ങളെ സ്നഹിച്ചിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു.
          എന്റെ കൂട്ടുകാര്‍.....അവരെപ്പറ്റി എന്തു പറയാന്‍.......എനിക്കു കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമല്ലേ അവര്‍... ഓരോരുത്തരുടേയും സുഖത്തിലും ദുഖത്തിലും ഞങ്ങള്‍ പരസ്പരം താങ്ങും തണലുമായി.
          ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ തണലില്‍ നിന്നും ചിറകടിച്ചുയരുന്ന പറവകളേപ്പോലെ ഞങ്ങള്‍ പറന്നുയരാന്‍ പോവുകയാണ്. മാധുര്യമൂറുന്ന ഓര്‍മ്മകളും പിരിയുന്നതിന്റെ വേദനകളും ബാക്കിവെച്ചുകൊണ്ട് ഞങ്ങള്‍ പടിയിറങ്ങുകയാണ്. ഇത്തരമൊരു ആസ്വാദ്യകരമായ കാലം തിരിച്ചു വരില്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
           അസ്തമിക്കാത്ത പ്രഭാമയനായ പൊന്‍സൂര്യനായി എന്റെ വിദ്യാലയം ആകാശം മുട്ടെ തലയുയര്‍ത്തി നില്‍ക്കട്ടെ.
           നന്ദി...നന്ദി..........നന്ദി.

2.3.12

       
 (സിക്കിമിലെ ഗ്യാങ്ടോക്കില്‍ വെച്ച് നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുത്ത ആലിപ്പറമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ശ്രീ പി.കെ.സുരേന്ദ്രനാഥ് അനുഭവങ്ങള്‍ പങ്കിടുന്നു. അദ്ദേഹത്തോടൊപ്പം ക്യാമ്പില്‍ പങ്കെടുത്ത ശ്രീ കെ.അന്‍വര്‍ പകര്‍ത്തിയ ചിത്രങ്ങളാണിവിടെ നല്‍കിയിരിക്കുന്നത്.)
        സിക്കിം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളെക്കുറിച്ചാണ്. നേപ്പാള്‍, ബൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളെപ്പോലെ മറ്റൊരു രാജ്യമാണ് സിക്കിം എന്ന് ധരിക്കുന്നവരുമുണ്ട്.
          ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസഥാനമാണ് സിക്കിം. തിബത്ത്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയാല്‍ മൂന്നു വശവും ചുറ്റപ്പെട്ട സിക്കിമിന്റെ നാലാമത്തെ അതിര് പശ്ചിമബംഗാള്‍ ആണ്. ഹിമാലയത്തിന്റെ താഴ്വരയില്‍ കൊടും തണുപ്പില്‍ ശാന്തമായി ഉറങ്ങുന്ന സിക്കിമിനെക്കുറിച്ച് നമുക്കെന്തറിയാം?
          ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് സിക്കിം. കുന്നുകളും മലകളും നിറഞ്ഞ പ്രദേശം. കേവലം നാല് ജില്ലകള്‍ മാത്രം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യ ആറു ലക്ഷം മാത്രം. നേപ്പാളിയടക്കം പതിനൊന്നു ഭാഷകളുണ്ടിവിടെ. ഹിമാലയത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന അരുവികള്‍ സംഗമിച്ച് ടീസ്റ്റാ നദിയായി സിക്കിമിന്റെ താഴ്വരയിലൂടെ പച്ച നിറത്തില്‍ ഒഴുകുന്നു.
         സിക്കിമിന്റെ തലസ്ഥാനമാണ് ഗ്യാങ്ടോക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവും ഇതു തന്നെ. സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തിലുള്ള ഒരു മാതൃകാ നഗരമാണ് ഗ്യാങ്ടോക്ക്, പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രവും. തലസ്ഥാന നഗരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഇത്രയും വൃത്തിയുള്ള ഒരു പട്ടണം നമുക്ക് കണ്ടെത്താനാവില്ല.പ്ലാസ്റ്റിക്ക് നിരോധിത മേഖലയായ ഇവിടെ മാലിന്യക്കൂമ്പാരം എവിടേയും കാണാനാവില്ല. റോഡില്‍ തുപ്പി വൃത്തികേടാക്കാതിരിക്കാന്‍ എല്ലാവരു ശ്രദ്ധിക്കുന്നു. പ്രധാനമായും ടാക്സി വാഹനങ്ങള്‍ മാത്രം സഞ്ചാരം നടത്തുന്ന ഇവിടെ വാഹനങ്ങള്‍ മിതമായ വേഗത പാലിക്കുന്നതിനാല്‍ റോഡപകടങ്ങള്‍ കുറവാണ്. തണുത്ത കാലാവസ്ഥപോലെത്തന്നെ ശാന്തമായ സ്വഭാവക്കാരാണ് ഇവിടുത്തെ ജനങ്ങള്‍. ടൂറിസ്റ്റ് നഗരമായതിനാല്‍ എല്ലാറ്റിനും വില കൂടുതലുള്ള ഇവിടെ വിലക്കുറവില്‍ ലഭിക്കുന്നത് മദ്യം മാത്രമാണ്. ഒരു തലസ്ഥാന നഗരത്തിന്റെ വലിപ്പമൊന്നുമില്ലാത്ത ഇവിടെ മുക്കിനും മൂലയിലും മദ്യഷാപ്പുകളും ബാറുകളുമുണ്ട്. എന്നാലും നമ്മുടെ നാട്ടിലേതു പോലെ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഒരാളെപോലും ഇവിടെ കാണാന്‍ സാധിക്കുകയില്ല. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതുകൊണ്ടാണിത്.
          തണുപ്പുകാലങ്ങളില്‍ സ്വറ്ററും കോട്ടുമൊന്നുമില്ലാതെ പുറത്തിറങ്ങാന്‍ നോക്കേണ്ട. രാത്രിയായാല്‍ താപനില -4 ഡിഗ്രിയാണ്. ഗ്യാങ്ടോക്ക് നഗരത്തില്‍ നിന്ന് നോക്കിയാല്‍ ഉയരത്തില്‍ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗയുടെ മനോഹരമായ ദൃശ്യം കാണാം.
           ഭൂകമ്പങ്ങള്‍ ഇടക്കിടെ ആക്രമിക്കുന്ന ഇവിടെ 2011 സപ്തമ്പറില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 116 പേര്‍ മരിക്കുകയുണ്ടായി. നഗരത്തിലെ അനേകം കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അതിലൊന്നായ സെക്രട്ടേറിയറ്റിന്റെ മനോഹരമായ കെട്ടിടം ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ്. സിക്കിം ഡമോക്രാറ്റിക് പാര്‍ട്ടി വര്‍ഷങ്ങളായി ഭരിക്കുന്ന ഇവിടെ പവന്‍ ചാമ്ലിങ്ങ് ആണ് മുഖ്യമന്ത്രി. യാതൊരു വിധ ആര്‍ഭാടവുമില്ലാത്ത മുഖ്യമന്ത്രിയുടെ ആസ്ഥാനം കണ്ടാല്‍ നമ്മള്‍ അദ്ഭുതപ്പെടും.
           ഗ്യാങ്ടോക്കില്‍ നിന്ന് 54 കിലോമീറ്റര്‍  ചുരം കയറിയാല്‍ ചൈനയിലേക്കുള്ള ഏകപാതയായ നാഥുലാപാസില്‍ (Nathulapass) എത്തിച്ചേരും. എല്ലായ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന ഇവിടേയ്ക്കുള്ള യാത്ര ദുഷ്കരമാണ്. നട്ടുച്ചക്കുപോലും -8 ഡിഗ്രി വരെ താപനില താഴുന്ന ഇവിടെ ഉച്ചതിരിയുന്നതോടെ മഞ്ഞുവീഴ്ചയും കോടയും വന്നു നിറയും. വര്‍ദ്ധിച്ച നിയന്ത്രണങ്ങള്‍ ഉള്ള നാഥുലാപാസിലേക്ക് എത്താന്‍ കേന്ദ്രപ്രതിരോധ വകുപ്പിന്റെ അനുമതി ആവശ്യമാണ്.
             നാഥുലയോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് ഹര്‍ഭജന്‍ സിങ്ങ് ബാബാമന്ദിര്‍. ഇന്ത്യക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഇവിടേയ്ക്കുള്ള യാത്ര അത്യന്തം കഠിനവും മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങളാല്‍ സമ്പുഷ്ടവുമാണ്. സമുദ്രനിരപ്പില്‍നിന്ന് 14500 അടി ഉയരത്തിലാണ് ഈ സ്ഥലം. ഈ യാത്രയില്‍ നാം ആദ്യമായി എത്തിച്ചേരുന്നത് ചങ്കു തടാകത്തിലാണ്. മഞ്ഞുകാലത്ത് നാം കാണുന്നത് ഐസു പോലെ ഉറച്ചുകട്ടിയായ മനോഹരമായ തടാകമാണ്. ഇവിടെ മാത്രം കാണുന്ന മൃഗമാണ് 'യാക്ക്'. തടാകത്തിന്റെ കരയിലൂടെ യാക്കിന്റെ പുറത്തുകയറി സഞ്ചരിക്കാം.
           ബുദ്ധവിഹാരങ്ങളാല്‍ സമ്പുഷ്ടമാണ് ഇവിടം. ചിരപുരാതനമായ Rumptek Monastry ഇവിടെ നിന്നും 24 കിലോമീറ്റര്‍ അകലെയാണ്. നഗരത്തിലെ ഏക കമ്യൂണിറ്റി ഹാളാണ് ജനതാഭവന്‍. ഭംഗിയിലും ഒതുക്കത്തിലും നിര്‍മ്മിച്ച ഇവിടെ താമസിക്കാന്‍ ഡോര്‍മിറ്ററികളും ഉണ്ട്.
          വിനോദസഞ്ചാരികളെ സംബന്ധിച്ച് എന്തുകൊണ്ടും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഗ്യാങ്ടോക്ക്. സിക്കിമില്‍ തീവണ്ടി സര്‍വ്വീസ് ഇല്ല. ഹൗറയില്‍ നിന്നും ഗോഹട്ടിയിലേക്കുള്ള പാതയിലെ ന്യൂജല്‍പായ്ഗുരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. അവിടെ നിന്ന് 115 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ഗ്യാങ്ടോക്കിലെത്താം. സിക്കിമില്‍ ഇപ്പോള്‍ വിമാനത്താവളമില്ലെങ്കിലും നിര്‍മ്മാണം പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബാഗ്ഡോഗ്രയാണ് ഏറ്റവുമടുത്ത വിമാനത്താവളം.
            ഗ്യാങ്ടോക്ക് വിശഷങ്ങള്‍ അവസാനിക്കുന്നില്ല.

                                  കൂടുതല്‍ സിക്കിം ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക.

15.2.12




          ലോകമാകെ നമ്മുടെ വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങുന്ന ഇക്കാലത്ത് ബ്ലോഗുകളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. പേനയും കടലാസുമൊന്നുമില്ലാത്ത ഒരു ലോകം. അവിടെ നമുക്ക് എഴുതാം,വായിക്കാം, അനുഭവങ്ങള്‍ പങ്കുവെയ്ക്കാം....നമ്മുടെ അനുഭവങ്ങളും, ജീവിതം തന്നെയും മറ്റുള്ളവരുമായി തീരെ ചെലവില്ലാതെത്തന്നെ പങ്കുവെയ്ക്കാന്‍ ബ്ലോഗു പോലെ മറ്റെന്തുണ്ട്? ചുരുക്കത്തില്‍ ഇന്റര്‍നെറ്റിലൂടെ സാഹിത്യസൃഷ്ടികളും അനുഭവങ്ങളും ചിത്രങ്ങളും വീഡിയോകളും പുസ്തകത്തിലേതുപോലെ പ്രദര്‍ശിപ്പിക്കാനും അതിനെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും കഴിയുന്ന സംവിധാനമാണ് ബ്ലോഗുകള്‍.
മലയാളം ബ്ലോഗുകള്‍-വിദ്യഭ്യാസ ബ്ലോഗുകള്‍-സ്ക്കൂള്‍ ബ്ലോഗുകള്‍
     അല്പം വൈകിയാണെങ്കിലും മലയാളം ബ്ലോഗുകളും രംഗം കീഴടക്കിത്തുടങ്ങി. ഇന്ന് വിദ്യഭ്യാസപരമായ കാര്യങ്ങള്‍ പങ്കുവെക്കുന്നതിനായി നിരവധി മലയാളം ബ്ലോഗുകളുണ്ട്. അതു പോലെ തങ്ങളുടെ സ്ക്കൂളിലെ കുട്ടികളുടെ സൃഷ്ടികളും അനുഭവങ്ങളും അധ്യാപകരുടെ അനുഭവസമ്പത്തും മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാന്‍ സ്ക്കൂള്‍ ബ്ലോഗുകള്‍ക്കു കഴിയും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാത്സ്ബ്ലോഗു പോലുള്ളവയ്ക്ക് ദിവസവും നൂറുക്കണക്കിനു വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്.
എങ്ങനെ ബ്ലോഗു തുടങ്ങാം?
       ഒരു ബ്ലോഗു തുടങ്ങുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല . ആകര്‍ഷകമായ ഡിസൈനും ഉള്‍ക്കാമ്പുള്ള വിഭവങ്ങളും വഴി വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയണം. ബ്ലോഗുകളുടെ ഉടമകളെ നമുക്ക് ബ്ലോഗര്‍മാര്‍ എന്നു വിളിക്കാം. ഇന്റര്‍നെറ്റിനെക്കുറിച്ചും മറ്റും അടിസ്ഥാന ധാരണകള്‍ മാത്രമുള്ളവരെന്നും ഉയര്‍ന്ന ജ്ഞാനമുള്ളവരെന്നും അവരെ നമുക്ക് തരം തിരിക്കാം. ഇതില്‍ ആദ്യ വിഭാഗത്തില്‍ പെടുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റെന്ന് ആദ്യമേ പറയട്ടെ.
        ഇന്റര്‍നെറ്റുള്ള ഒരു കമ്പ്യൂട്ടറിനു മുന്നിലിരുന്ന് നമുക്ക് ബ്ലോഗു നിര്‍മ്മാണം ആരംഭിക്കാം. ഒന്നു കൂടി പറയട്ടെ, മോസില ഫയര്‍ ഫോക്സ് വെബ് ബ്രൗസറായിരിക്കും ഏറെ നല്ലതെന്നു തോന്നുന്നു. മറ്റു ചിലരും മലയാളത്തില്‍ ബ്ലോഗു നിര്‍മ്മിക്കാന്‍ സഹായിക്കുന്നെങ്കിലും ഏറെ പ്രചാരത്തിലുള്ളത് ഗൂഗിളിന്റെ ബ്ലോഗര്‍ തന്നെ. www.blogger.com ല്‍ പ്രവേശിക്കുക. അവിടെ create blog ല്‍ ക്ലിക്കു ചെയ്ത് നിര്‍മ്മാണം ആരംഭിക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും ബ്ലോഗില്‍ പോയി മുകളിലുള്ള നാവിഗേഷന്‍ ബാറിലുള്ള create blog ല്‍ ക്ലിക്കു ചെയ്യാം.
   

1.2.12

        സ്ക്കൂള്‍ ബ്ലോഗ് ഉദ്ഘാടനം നാടിന്റെ ആഘോഷമായി
   സ്ക്കൂള്‍ വിശേഷങ്ങളുമായി ഇനി 'ആലിപ്പറമ്പ് ബ്ലോഗ് 'കര്‍മ്മ പഥത്തിലേക്ക്...സ്ക്കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ക്കൂള്‍ ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശീലത്ത് വീരാന്‍കുട്ടി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി വിലാസിനി അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ്  ശ്രീ അബ്ദുള്‍റസാഖ്, വൈസ് പ്രസിഡന്റ് ശ്രീ സൈതലവി ഹാജി, ബാലകൃഷ്ണന്‍, സുരേഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ.ശിവരാമന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ വി.സന്തോഷ് നന്ദിയും പറഞ്ഞു.

സ്വാഗതം
ഉദ്ഘാടനം
ഉദ്ഘാടനപ്രസംഗം
അധ്യക്ഷപ്രസംഗം



ആശംസകള്‍
ആശംസകള്‍

സദസ്സ്

ഉദ്ഘാടനം വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍


20.1.12

സംസ്ഥാന കലോത്സവത്തില്‍ സംസ്കൃതം ചമ്പൂപ്രഭാഷണത്തില്‍ എ ഗ്രേഡ് നേടിയ ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ചൈത്ര.ആര്‍
അഭിനന്ദനങ്ങള്‍ - ബ്ലോഗ് ടീം.

5.1.12


മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തില്‍ അഭിമാനാര്‍ഹമായ വിജയം നേടിയ ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍.......
ആശംസകള്‍
  • ചൈത്ര.ആര്‍         (10 B)  ഒന്നാം സ്ഥാനവും എ ഗ്രേഡും (ചമ്പുപ്രഭാഷണം -സംസ്കൃതം)
  • സഹ് ല ഷെറിന്‍.പി (10 A)  മൂന്നാം സ്ഥാനവും എ ഗ്രേഡും (പോസ്റ്റര്‍ നിര്‍മ്മാണം -അറബിക്)
  • സഹ് ല ഷെറിന്‍.പി (10 A)  എ ഗ്രേഡ് (കഥാരചന -അറബിക്)
  • വിന്ദുജ.എം            (10 A)  രണ്ടാം സ്ഥാനവും എ ഗ്രേഡും (കവിതാ രചന -ഹിന്ദി)
  • അര്‍ജുന്‍.എം.പി      ( 9 A)  എ ഗ്രേഡ് (തബല)
  • സുഹൈല.പി         ( 7 A)  എ ഗ്രേഡ് (പദപ്പയറ്റ്)
  • രോഹിത്.കെ.കെ    ( 7 A) എ ഗ്രേഡ് (ഗാനാലാപനം -സംസ്കൃതം)
  • ഫെബിന.കെ         (9  B) ബി ഗ്രേഡ് (മുഷാവറ -അറബിക്)