സര്‍ക്കാര്‍ ജീവനക്കാരുടെ 2011-12 സാമ്പത്തിക വര്‍ഷത്തെ ജി.പി.എക്കൗണ്ടുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് GPF CREDIT CARD ലിങ്കില്‍ ക്ലിക്കു ചെയ്യുക
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. BEST VIEW IN LINUX MOZILLA FIREFOX

2.3.12

       
 (സിക്കിമിലെ ഗ്യാങ്ടോക്കില്‍ വെച്ച് നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുത്ത ആലിപ്പറമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ശ്രീ പി.കെ.സുരേന്ദ്രനാഥ് അനുഭവങ്ങള്‍ പങ്കിടുന്നു. അദ്ദേഹത്തോടൊപ്പം ക്യാമ്പില്‍ പങ്കെടുത്ത ശ്രീ കെ.അന്‍വര്‍ പകര്‍ത്തിയ ചിത്രങ്ങളാണിവിടെ നല്‍കിയിരിക്കുന്നത്.)
        സിക്കിം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളെക്കുറിച്ചാണ്. നേപ്പാള്‍, ബൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളെപ്പോലെ മറ്റൊരു രാജ്യമാണ് സിക്കിം എന്ന് ധരിക്കുന്നവരുമുണ്ട്.
          ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസഥാനമാണ് സിക്കിം. തിബത്ത്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയാല്‍ മൂന്നു വശവും ചുറ്റപ്പെട്ട സിക്കിമിന്റെ നാലാമത്തെ അതിര് പശ്ചിമബംഗാള്‍ ആണ്. ഹിമാലയത്തിന്റെ താഴ്വരയില്‍ കൊടും തണുപ്പില്‍ ശാന്തമായി ഉറങ്ങുന്ന സിക്കിമിനെക്കുറിച്ച് നമുക്കെന്തറിയാം?
          ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് സിക്കിം. കുന്നുകളും മലകളും നിറഞ്ഞ പ്രദേശം. കേവലം നാല് ജില്ലകള്‍ മാത്രം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യ ആറു ലക്ഷം മാത്രം. നേപ്പാളിയടക്കം പതിനൊന്നു ഭാഷകളുണ്ടിവിടെ. ഹിമാലയത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന അരുവികള്‍ സംഗമിച്ച് ടീസ്റ്റാ നദിയായി സിക്കിമിന്റെ താഴ്വരയിലൂടെ പച്ച നിറത്തില്‍ ഒഴുകുന്നു.
         സിക്കിമിന്റെ തലസ്ഥാനമാണ് ഗ്യാങ്ടോക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവും ഇതു തന്നെ. സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തിലുള്ള ഒരു മാതൃകാ നഗരമാണ് ഗ്യാങ്ടോക്ക്, പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രവും. തലസ്ഥാന നഗരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഇത്രയും വൃത്തിയുള്ള ഒരു പട്ടണം നമുക്ക് കണ്ടെത്താനാവില്ല.പ്ലാസ്റ്റിക്ക് നിരോധിത മേഖലയായ ഇവിടെ മാലിന്യക്കൂമ്പാരം എവിടേയും കാണാനാവില്ല. റോഡില്‍ തുപ്പി വൃത്തികേടാക്കാതിരിക്കാന്‍ എല്ലാവരു ശ്രദ്ധിക്കുന്നു. പ്രധാനമായും ടാക്സി വാഹനങ്ങള്‍ മാത്രം സഞ്ചാരം നടത്തുന്ന ഇവിടെ വാഹനങ്ങള്‍ മിതമായ വേഗത പാലിക്കുന്നതിനാല്‍ റോഡപകടങ്ങള്‍ കുറവാണ്. തണുത്ത കാലാവസ്ഥപോലെത്തന്നെ ശാന്തമായ സ്വഭാവക്കാരാണ് ഇവിടുത്തെ ജനങ്ങള്‍. ടൂറിസ്റ്റ് നഗരമായതിനാല്‍ എല്ലാറ്റിനും വില കൂടുതലുള്ള ഇവിടെ വിലക്കുറവില്‍ ലഭിക്കുന്നത് മദ്യം മാത്രമാണ്. ഒരു തലസ്ഥാന നഗരത്തിന്റെ വലിപ്പമൊന്നുമില്ലാത്ത ഇവിടെ മുക്കിനും മൂലയിലും മദ്യഷാപ്പുകളും ബാറുകളുമുണ്ട്. എന്നാലും നമ്മുടെ നാട്ടിലേതു പോലെ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഒരാളെപോലും ഇവിടെ കാണാന്‍ സാധിക്കുകയില്ല. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതുകൊണ്ടാണിത്.
          തണുപ്പുകാലങ്ങളില്‍ സ്വറ്ററും കോട്ടുമൊന്നുമില്ലാതെ പുറത്തിറങ്ങാന്‍ നോക്കേണ്ട. രാത്രിയായാല്‍ താപനില -4 ഡിഗ്രിയാണ്. ഗ്യാങ്ടോക്ക് നഗരത്തില്‍ നിന്ന് നോക്കിയാല്‍ ഉയരത്തില്‍ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗയുടെ മനോഹരമായ ദൃശ്യം കാണാം.
           ഭൂകമ്പങ്ങള്‍ ഇടക്കിടെ ആക്രമിക്കുന്ന ഇവിടെ 2011 സപ്തമ്പറില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 116 പേര്‍ മരിക്കുകയുണ്ടായി. നഗരത്തിലെ അനേകം കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അതിലൊന്നായ സെക്രട്ടേറിയറ്റിന്റെ മനോഹരമായ കെട്ടിടം ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ്. സിക്കിം ഡമോക്രാറ്റിക് പാര്‍ട്ടി വര്‍ഷങ്ങളായി ഭരിക്കുന്ന ഇവിടെ പവന്‍ ചാമ്ലിങ്ങ് ആണ് മുഖ്യമന്ത്രി. യാതൊരു വിധ ആര്‍ഭാടവുമില്ലാത്ത മുഖ്യമന്ത്രിയുടെ ആസ്ഥാനം കണ്ടാല്‍ നമ്മള്‍ അദ്ഭുതപ്പെടും.
           ഗ്യാങ്ടോക്കില്‍ നിന്ന് 54 കിലോമീറ്റര്‍  ചുരം കയറിയാല്‍ ചൈനയിലേക്കുള്ള ഏകപാതയായ നാഥുലാപാസില്‍ (Nathulapass) എത്തിച്ചേരും. എല്ലായ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന ഇവിടേയ്ക്കുള്ള യാത്ര ദുഷ്കരമാണ്. നട്ടുച്ചക്കുപോലും -8 ഡിഗ്രി വരെ താപനില താഴുന്ന ഇവിടെ ഉച്ചതിരിയുന്നതോടെ മഞ്ഞുവീഴ്ചയും കോടയും വന്നു നിറയും. വര്‍ദ്ധിച്ച നിയന്ത്രണങ്ങള്‍ ഉള്ള നാഥുലാപാസിലേക്ക് എത്താന്‍ കേന്ദ്രപ്രതിരോധ വകുപ്പിന്റെ അനുമതി ആവശ്യമാണ്.
             നാഥുലയോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് ഹര്‍ഭജന്‍ സിങ്ങ് ബാബാമന്ദിര്‍. ഇന്ത്യക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഇവിടേയ്ക്കുള്ള യാത്ര അത്യന്തം കഠിനവും മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങളാല്‍ സമ്പുഷ്ടവുമാണ്. സമുദ്രനിരപ്പില്‍നിന്ന് 14500 അടി ഉയരത്തിലാണ് ഈ സ്ഥലം. ഈ യാത്രയില്‍ നാം ആദ്യമായി എത്തിച്ചേരുന്നത് ചങ്കു തടാകത്തിലാണ്. മഞ്ഞുകാലത്ത് നാം കാണുന്നത് ഐസു പോലെ ഉറച്ചുകട്ടിയായ മനോഹരമായ തടാകമാണ്. ഇവിടെ മാത്രം കാണുന്ന മൃഗമാണ് 'യാക്ക്'. തടാകത്തിന്റെ കരയിലൂടെ യാക്കിന്റെ പുറത്തുകയറി സഞ്ചരിക്കാം.
           ബുദ്ധവിഹാരങ്ങളാല്‍ സമ്പുഷ്ടമാണ് ഇവിടം. ചിരപുരാതനമായ Rumptek Monastry ഇവിടെ നിന്നും 24 കിലോമീറ്റര്‍ അകലെയാണ്. നഗരത്തിലെ ഏക കമ്യൂണിറ്റി ഹാളാണ് ജനതാഭവന്‍. ഭംഗിയിലും ഒതുക്കത്തിലും നിര്‍മ്മിച്ച ഇവിടെ താമസിക്കാന്‍ ഡോര്‍മിറ്ററികളും ഉണ്ട്.
          വിനോദസഞ്ചാരികളെ സംബന്ധിച്ച് എന്തുകൊണ്ടും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഗ്യാങ്ടോക്ക്. സിക്കിമില്‍ തീവണ്ടി സര്‍വ്വീസ് ഇല്ല. ഹൗറയില്‍ നിന്നും ഗോഹട്ടിയിലേക്കുള്ള പാതയിലെ ന്യൂജല്‍പായ്ഗുരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. അവിടെ നിന്ന് 115 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ഗ്യാങ്ടോക്കിലെത്താം. സിക്കിമില്‍ ഇപ്പോള്‍ വിമാനത്താവളമില്ലെങ്കിലും നിര്‍മ്മാണം പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബാഗ്ഡോഗ്രയാണ് ഏറ്റവുമടുത്ത വിമാനത്താവളം.
            ഗ്യാങ്ടോക്ക് വിശഷങ്ങള്‍ അവസാനിക്കുന്നില്ല.

                                  കൂടുതല്‍ സിക്കിം ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക.

2 അഭിപ്രായങ്ങൾ: