സര്‍ക്കാര്‍ ജീവനക്കാരുടെ 2011-12 സാമ്പത്തിക വര്‍ഷത്തെ ജി.പി.എക്കൗണ്ടുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് GPF CREDIT CARD ലിങ്കില്‍ ക്ലിക്കു ചെയ്യുക
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. BEST VIEW IN LINUX MOZILLA FIREFOX

14.4.12

         ശാസ്ത്രം ഇന്ന് ഒട്ടേറെ മുന്നേറിക്കഴിഞ്ഞു. ദിവസം തോറും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്തരം കണ്ടുപിടുത്തങ്ങളില്‍ ഒരു നാഴികക്കല്ലാണ് നാനോടെക്നോളജിയുടെ കണ്ടുപിടുത്തം. ദ്രവ്യത്തെ അതിന്റെ പരമാണുതലത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി. ഒരു മൈക്രോമീറ്ററില്‍ താഴെയുള്ള സൂക്ഷ്മ യന്ത്രങ്ങളുടെ നിര്‍മ്മാണം, അവയുടെ പരിരക്ഷ എന്നിവയെല്ലാം നാനോടെക്നോളജിയുടെ പരിധിയില്‍ വരുന്നു.

       ദ്രവ്യത്തെ നാനോതലത്തില്‍ ചെറുതായി പരുവപ്പെടുത്തുമ്പോള്‍ അത് ഭൗതിക-കാന്തിക-രാസ മാറ്റങ്ങള്‍ക്ക് വിധേയമാകും. ഇങ്ങനെയുള്ള മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമവുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് നാനോടെക്നോളജിയുടെ പ്രധാന ലക്ഷ്യം. നാനോ മീറ്റര്‍ എന്നതിന്റെ ചുരുക്കമാണ് നാനോ. ഒരു മീറ്ററിന്റെ 1000 കോടിയില്‍ ഒരു അംശമാണ് ഒരു നാനോമീറ്റര്‍. കുള്ളന്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദത്തില്‍ നിന്നാണ് നാനോ എന്ന പദത്തിന്റെ ആരംഭം.നാനോ ടെക്നോളജി രസതന്ത്രത്തിന്റെ സഹായത്തോടെ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

       നാനോപദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണത്തിന് ബോട്ടം അപ്പ് , ടോപ്പ് അപ്പ് എന്നീ രണ്ടു രീതികള്‍ അവലംബിക്കാവുന്നതാണ്. നാനോ പദാര്‍ത്ഥങ്ങള്‍ വലിപ്പം കൂടിയ പദാര്‍ത്ഥങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് ടോപ്പ് അപ്പ്. തന്മാത്രകളും ആറ്റങ്ങളും കൂടിച്ചേര്‍ന്ന് നിര്‍മ്മിക്കുന്നവയാണ് ബോട്ടം അപ്പ്. സൂക്ഷ്മദര്‍ശിനികളുടെ കണ്ടുപിടുത്തമാണ് നാനോടെക്നോളജിയെ ഉന്നതനിലയിലെത്തിച്ചത്. 1980 ലെ IBM കമ്പനിയിലെ ശാസ്ത്രജ്ഞര്‍ ആറ്റോമിക് ഫോര്‍സ് മൈക്രോ സ്കോര്‍ സ്കാനിങ്ങ്,ടണലിങ്ങ് മൈക്രോസ്കോപ്പ് എന്നിവ കണ്ടുപിടിച്ചു. ഈ ഉപകരണങ്ങള്‍ ആറ്റങ്ങളെ നിരീക്ഷിക്കാനും അവയെ കൈകാര്യം ചെയ്യാനും സഹായിച്ചു.

        പണ്ടുമുതലേ നാനോ ടെക്നോളജി രസതന്ത്രത്തിലും നിത്യജീവിതത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്. അലക്സാണ്ട്രിയയിലെ രസതന്ത്രജ്ഞര്‍ യൗവനം നിലനിര്‍ത്താനായി സൃഷ്ടിച്ച ഔഷധത്തില്‍ സ്വര്‍ണ്ണത്തിന്റെ നാനോകണങ്ങള്‍ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍ റോമില്‍ പ്രചാരത്തിലുണ്ടായിരുന്ന ലൈകര്‍ഗസ് കോപ്പകളില്‍ 70 നാനോമീറ്റര്‍ വലുപ്പമുള്ള നാനോ കണങ്ങളുണ്ടായിരുന്നത്രേ.

         സാധാരണ വജ്രവും കല്‍ക്കരിയും തമ്മില്‍ രാസപരമായി വ്യത്യാസമില്ല. രണ്ടും C എന്ന മൂലകത്തിന്റെ അപര രൂപങ്ങളാണ്. ആറ്റങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന രീതിയില്‍ മാത്രമാണ് ഇവ വ്യത്യസ്തമായിരിക്കുന്നത്. ഇത്തരത്തില്‍ നാനോതലത്തില്‍ സമാനതയുള്ള വസ്തുക്കള്‍ പ്രകൃതിയില്‍ കാണാം. താമരയിലയിലും മറ്റും വെള്ളം ഒട്ടിപ്പിടിക്കാത്തതും ചിലന്തി വലയുടെ ഉറപ്പും പൂമ്പാറ്റയുടെ അഴകുമെല്ലാം നാനോഘടനയുടെ സവിശേഷതകളാണ്.

         റിച്ചാര്‍ഡ് ഫെയില്‍മാന്‍ എന്ന ശാസ്ത്രജ്ഞന്റെ ഒരു പ്രഭാഷണമാണ് ഇന്ന് കാണുന്ന നാനോ ടെക്നോളജിക്ക് അടിസ്ഥാനമിട്ടത്. ആറ്റോമിക തലത്തിലെ കൂടിച്ചേരലുകള്‍, ഇതുണ്ടാക്കാന്‍ സാധ്യതയുള്ള പ്രയോജനങ്ങള്‍ എന്നിവ അദ്ദേഹം തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ചു. ആറ്റങ്ങളെ യഥേഷ്ടം അടുക്കി അത്യന്ത സൂക്ഷതലത്തില്‍ വസ്തുക്കളെ സൃഷ്ടിക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

           നാനോ സാങ്കേതിക വിദ്യ എന്ന പദം ആദ്യമായി അവതരിപ്പിച്ചത് 1974 ല്‍ ജപ്പാനിലെ ടോക്യോ സയന്‍സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന നോറിയോ താനിഗുചി ആയിരുന്നു.1984 ല്‍ എറിക് ഡ്രെക്സ്ലര്‍ മോളികുലാര്‍ ടെക്നോളജിയുടെ വിവിധ വശങ്ങളെക്കുറിച്ചെഴുതിയ പ്രബന്ധം ഈ മേഖലയുടെ പിന്നീടുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായി. എന്‍ജിന്‍സ് ഓഫ് ക്രിയേഷന്‍സ് എന്ന ഗ്രന്ഥവും അദ്ദേഹം രചിച്ചു.80 കളുടെ ആരംഭത്തില്‍ ഗേര്‍ഡ് ബിന്നിങ്ങ്, ഹെന്റിച്ച് റോഹ്റര്‍ എന്നിവര്‍ കണ്ടുപിടിച്ച സ്കാനിങ്ങ് ടണലിങ്ങ് മൈക്രോസ്കോപ്പ് എന്ന ഉപകരണം പിന്നീടുള്ള നാനോ ടെക്നോളജിയുടെ വികാസത്തില്‍ വഴിത്തിരിവായി. ആറ്റങ്ങളെ സൂക്ഷ്മതലത്തില്‍ കണ്ട് സ്ഥാനനിയന്ത്രണം നടത്താന്‍ ഈ ഉപകരണം വഴി സാധിച്ചു.

          60 കാര്‍ബണ്‍ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബക്കി ബോളുകളുടെ കണ്ടുപിടുത്തം നാനോ ടെക്നോളജിയിലെ നാഴികക്കല്ലായി. 1985 ല്‍ റിച്ചാര്‍ഡ് സ്മോളി ,ഹാറോള്‍ഡ് ക്രോട്ടോ, റോബര്‍ട്ട് കേള്‍ എന്നിവര്‍ ഗ്രാഫൈറ്റിനെ ലേസര്‍ ഉപയോഗിച്ച് ബാഷ്പീകരിച്ചാണ് കാര്‍ബണിന്റെ ഈ പുതിയ രൂപാന്തരണം ഉണ്ടാക്കിയത്. അകം പൊള്ളയായ തന്മാത്രയായിരുന്നു അത്. രാസപരമായി ഏറെ സ്ഥിരതയുള്ളതാണ് ബക്കി പന്ത്. അകവ്യാസം 0.7 nm ഉം പുറം വ്യാസം 1 nm ഉം ഉള്ളവയാണിവ.

           1991 ല്‍ ജപ്പാനിലെ സുമായോ ഇജിമ ഗ്രാഫൈറ്റ് ദണ്ഢുകള്‍ക്കിടയിലൂടെ വൈദ്യുതി കടത്തിവിട്ട് അവയെ ബാഷ്പീകരിച്ച് തണുപ്പിച്ചു നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് കാര്‍ബണ്‍ നാനോ ട്യൂബുകളുടെ പിറവി. ചാലകമായും അര്‍ദ്ധചാലകമായും ഭിന്നസ്വഭാവം പ്രകടിപ്പിക്കുന്ന നാനോകുഴലുകള്‍ ഒരൊറ്റമൂലകം കൊണ്ടുണ്ടാക്കാന്‍ കഴിഞ്ഞു.ഗ്രാഫൈറ്റ് വൈദ്യുതിയെ കടത്തിവിടുന്നു. എന്നാല്‍ വജ്രം താപം പ്രവഹിപ്പിക്കുന്ന നല്ലൊരു ചാലകമാണ്. ഈ സ്വഭാവങ്ങളുടെ സമ്മിശ്രശേഷിയാണ് നാനോ ട്യൂബുകള്‍ക്കുള്ളത്. ഇവ ഊര്‍ജ്ജ ഉല്‍പാദനം, ടെലിവിഷന്‍ ഡിസ്പ്ളെ, റോബോട്ടുകള്‍, ട്രാന്‍സിസ്റ്റര്‍, ജനിതക എഞ്ചിനീയറിങ്ങ് എന്നീ മേഖലകളില്‍ കാര്യക്ഷമമായി ഉപയോഗിക്കാം. നാനോ ട്യൂബുകള്‍ അതേ വലിപ്പമുള്ള ഉരുക്കിനേക്കാള്‍ ആറു മടങ്ങ് ബലമുള്ളതും 1/6 ഭാരമുള്ളതുമാണ്. ഇവ അതിലോലമായ നാനോപാളികള്‍ ചുരുട്ടിവച്ചാണ് നിര്‍മ്മിക്കുന്നത്.

          സ്വര്‍ണ്ണം വെള്ളത്തില്‍ ലയിക്കില്ലെന്ന് നമുക്കറിയാം. എന്നാല്‍ വെള്ളത്തില്‍ ലയിക്കുന്ന സ്വര്‍ണ്ണം വികസിപ്പിച്ചെടുത്തു കഴിഞ്ഞു രസതന്ത്രത്തിലെ നാനോടെക്നോളജി. ചെടികളില്‍ നിന്നും സുക്ഷ്മ ജീവികളില്‍ നിന്നും നാനോ കണങ്ങള്‍ ഉണ്ടാക്കാമെന്ന് തെളിഞ്ഞിരിക്കുന്നു. അല്‍ഫാല്‍ഫ എന്ന സസ്യത്തിന്റെ വിത്തിനുള്ളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും നാനോ കണങ്ങളുടെ സംശ്ലേഷണം നടക്കും. കര്‍പ്പൂരച്ചെടിയുടെ ഇലയില്‍ നിന്നും നാനോ കണങ്ങള്‍ ഉണ്ടാക്കാം. ചിലവു കുറഞ്ഞ രീതിയില്‍ രാസ വ്യവസായത്തിലും ഔഷധ നിര്‍മ്മാണത്തിലുമെല്ലാം ഉപയോഗിക്കുന്ന സ്വര്‍ണ്ണത്തിന്റെ നാനോ കണങ്ങളുണ്ടാക്കാം. അമിതമായി ലോഹാംശമുള്ള മണ്ണില്‍ നിന്നും ലോഹത്തിന്റെ നാനോ കണങ്ങളുണ്ടാക്കാന്‍ പല ബാക്ടീരിയകള്‍ക്കും പഴിയും.

           നാനോ ലോകത്ത് അദ്ഭുതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വസ്തുവാണ് സയാറ്റം. സയാറ്റം ഉപയോഗിച്ച് ജലമലിനീകരണം തടയാനും എണ്ണപര്യവേക്ഷണത്തിനുള്ള ഫോസിലുകളുടെ വിശകലനം നടത്താനുമുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

            CFC വാതകങ്ങള്‍മൂലം ഓസോണ്‍ പാളികളിലുള്ള വിള്ളലുകള്‍ നാനോ റോബോട്ടുകള്‍ ഉപയോഗിച്ച് പരിഹരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. CFC യേയും ഹരിതഗൃഹ വാതകങ്ങളേയും അന്തരീക്ഷത്തില്‍ നിന്ന് വന്‍തോതില്‍ അരിച്ചു നീക്കുന്ന നാനോ ഉപകരണങ്ങളും ഫില്‍ട്ടറുകളും ശാസ്ത്രം ഉണ്ടാക്കിയേക്കാം.നാനോ ടെക്നോളജിയുടെ ഇന്ദ്രജാലങ്ങള്‍ വഴി മരണമില്ലാതാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. മനുഷ്യരക്തകോശങ്ങള്‍ക്ക് പകരം വെക്കാവുന്ന പ്രോഗ്രാം ചെയ്ത നാനോ റോബോട്ടുകളും നാനോ ചിപ്പുകളുമൊക്കെ ഉണ്ടാക്കാനായാല്‍ മനുഷ്യര്‍ക്കു പ്രായമാവുന്ന പ്രക്രിയ തടയാനാവും. അതുപോലെത്തന്നെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും ചിന്താശേഷിയും വികസിപ്പിക്കാന്‍ ഘടിപ്പിക്കാവുന്ന നാനോഉപകരണങ്ങള്‍ക്കും ഏറെ സാധ്യതകളുണ്ട്. രാസപ്രവര്‍ത്തനങ്ങളുടെ സൂക്ഷമമായ രഹസ്യങ്ങളെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട് നാനോടെക്നോളജി.

           ഒരു നാനോമീറ്റര്‍ മുതല്‍ 100 നാനോ മീറ്റര്‍ വരെ വലിപ്പമുള്ള ഖരവസ്തുക്കളാണ് നാനോ പദാര്‍ത്ഥങ്ങള്‍. ഇവ ലോഹമിശ്രിതങ്ങളോ പോളിമറുകളോ സെറാമിക്കുകളോ ആയിരിക്കും. മിക്ക പദാര്‍ത്ഥങ്ങളുടേയും നാനോരൂപങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിട്ടുണ്ട്. സൂക്ഷദര്‍ശിനികള്‍ നാനോപദാര്‍ത്ഥങ്ങളുടെ പഠനവും അവയുടെ ക്രമീകരണവും കൃത്യമാക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച വലുപ്പത്തിലും ആകൃതിയിലും നാനോ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കാനാകുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത നാനോ മാനിപ്പുലേറ്റര്‍ എന്ന സൂക്ഷ്മദര്‍ശിനി സംവിധാനം ഈ രംഗത്തെ മികച്ച ഒരു കണ്ടുപിടപത്തമാണ്.

            12nm വലുപ്പമുള്ള കാന്തശക്തിയുള്ള നാനോ കണികകള്‍ ഉപയോഗിച്ച് ജലത്തിലുള്ള ആര്‍സനിക് മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇരുമ്പിന്റെ നാനോ കണങ്ങള്‍ക്കും ജലശുദ്ധീകരണത്തിനു കഴിയും. അലുമിനിയെം ഓക്സൈഡ് നാനോ ഫൈബറുകള്‍ക്കും ജലശുദ്ധീകരണം നടത്താനാകും. ജലാശയങ്ങളില്‍ നാനോ കണികകള്‍ വിതറി രാസമാലിന്യങ്ങളേയും രോഗാണുക്കളേയും നീക്കം ചെയ്യാനാകുന്ന കാലമാണ് വരുന്നത്.

            രാസ വ്യവസായത്തെ പരിസ്ഥിതിക്ക് അനുയോജ്യമാക്കാന്‍ സഹായിക്കുന്ന നാനോ സുത്രമാണ് കാന്തിക നാനോ കണങ്ങള്‍. ഇവ ഉല്‍പ്രേരകങ്ങളായി ഉപയോഗിക്കുന്നതിലൂടെ പല നേട്ടങ്ങള്‍ ഉണ്ട്. രാസ ഔഷധ വ്യവസായങ്ങളില്‍ നിര്‍മ്മാണച്ചിലവ് കുറക്കാം. ഊര്‍ജ്ജം കുറച്ചു മതി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഒരു പക്ഷേ കൂടുതല്‍ വൈകാതെ കാലാവസ്ഥക്കനുസരിച്ച് ശരീരത്തെ സംരക്ഷിക്കാന്‍ തക്കവിധത്തില്‍ പ്രോഗ്രാം ചെയ്ത നാനോ റോബോട്ടുകളുടെ സഹായം മനുഷ്യനു ലഭിക്കും. നാനോ ടെക്നോളജി അല്‍ഭുതം തന്നെ. നാനോ ടെക്നോളജയുടെ സഹായത്താല്‍ മൃതശരീരത്തിനു പോലും ജീവന്‍ വെപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മരണത്തെ തുടര്‍ന്ന് നമ്മുടെ ശരീരത്തിലെ സകല കോശങ്ങളുടേയും അവയവങ്ങളുടേയും പ്രവര്‍ത്തനം നിലയ്ക്കുന്നു. പ്രവര്‍ത്തനരഹിതമായ ശരീരകോശങ്ങളെ നന്നാക്കാന്‍ കഴിയുന്ന ഒരു സെല്‍ റിപ്പയറിങ്ങ് ഉപകരണം കണ്ടുപിടിച്ചാല്‍ കോശങ്ങളെ വീണ്ടും പ്രവര്‍ത്തിപ്പിക്കാം. അങ്ങനെ വീണ്ടും അവയ്ക്ക് ജീവന്‍ നല്‍കാന്‍ കഴിയുമെന്ന് ശാല്ത്രജ്ഞര്‍ പറയുന്നു. അമേരിക്കയിലെ ലൈഫ് എക്സ്റ്റെന്‍ഷന്‍ എന്ന സ്ഥാപനത്തില്‍ 800 ലധികം മൃതദേഹങ്ങളാണത്രേ പുനര്‍ജന്മം കാത്ത് തണുത്ത് മരവിച്ചു കഴിയുന്നത്. ഇത് വെറും സ്വപ്നമാണെങ്കിലും ശാസ്ത്രത്തിന്റെ കുതിപ്പിനെത്തുടര്‍ന്ന് യാഥാര്‍ത്ഥ്യമായേക്കാം.

            നാനോ ടെക്നോളജി കുതിച്ചുകൊണ്ടേയിരിക്കുന്നു. ശാസ്ത്രത്തെ ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്തങ്ങള്‍ നാനോ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നതു പോലെ ഒരു കൈ കൊണ്ട് തലോടാനും മറുകൈ കൊണ്ട് ഹരിക്കാനും കഴിവുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗം ഒടുവില്‍ മനുഷ്യനെത്തന്നെ വിഴുങ്ങുന്ന അവസ്ഥയിലേക്കെത്തിക്കും.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ