ഒരു പൊന്‍ പുഞ്ചിരിയുമേന്തി വരുന്നയവ-
ളാണോയി പ്രപഞ്ചദീപം..?
രാത്രി തന്‍ കൈകളില്‍ കിടന്നവളുറക്കമായോ.?
അതോ, ഭൂമിതന്‍ നിശ്വാസം വരവേല്‍ക്കുകയോ..?
കണ്‍കളില്‍ ചുടുകണ്ണീരുമായവളാരാഞ്ഞൂയീയമ്മയോടായ്..
അമ്മതന്‍ മാറോടണഞ്ഞു ചേരാനാകാത്ത ഞാനെത്ര പാപി..?
പാപിയാമെന്നെയേറ്റുന്ന വാനമോ..?
അലയടിച്ചുയരുന്ന തിരമാലകള്‍ തന്‍ നൃത്തവും
താമരപ്പൊയ്കയെ തഴുകിയുണര്‍ത്തുന്ന മന്ദമാരുതന്‍
തന്‍ വാത്സല്യവും...
ഞാനറിയുന്നില്ലയെന്തേ..?
നിറമാര്‍ന്നു പൊഴിയുന്ന വാര്‍ മഴവില്‍ പോലെ നീ
അരികത്തു വന്നണയാന്‍ ഞാന്‍ കാത്തിരിപ്പൂ...
കിളിമകള്‍ തന്‍ കൊഞ്ചല്‍ക്കേട്ടുണരുന്ന പ്രഭാതവും
അറിയുന്നില്ലയെന്‍ കണ്ണുനീര്‍ തുള്ളികളേ...
മഴയായി പെയ്തൊരാകണ്ണുനീര്‍ത്തുള്ളികള്‍ പോലും
അമ്മതന്‍ മാറിലായ് ചായുന്നൂ..
അമ്പിളിതന്‍ തൂവെളിച്ചത്തില്‍ ശോഭയാല്‍
കാണുന്നു ഞാനെന്റെ പെറ്റമ്മയെ..
ഇത്രയും നാള്‍ ഞാനെന്റെ പോറ്റമ്മയാം
വാനത്തിന്‍ മാറില്‍ മയങ്ങി..
ഇന്നു ഞാനറിയുന്നു ചുടുകണ്ണീര്‍തന്‍ വേദന..
കണ്ണുനീര്‍ത്തുള്ളി പെയ്തൊരെന്‍ മനമെനിക്കായ്
നല്‍കിയ വേദന..
ഇത്ര പാപിയാണോ ഞാനതോരനാഥയോ..?
ആകാശച്ചെരുവില്‍ ഞാനേകയായ് നില്‌ക്കയാണെന്റെയമ്മയ്ക്കായ്
സനാഥ തന്‍ മുഖം മൂടിയാല്‍ മായ്ച്ചു ഞാനെന്‍ അനാഥത്വം!
ഒരു മാത്രയെങ്കിലും കേള്‍ക്കൂയെന്നമ്മേ യെന്‍ നൊമ്പരം..
വാരിപ്പുണരൂയെന്നെ നിന്‍ മാറിലായ്..
കേഴിന്നു ഞാനീ പ്രപഞ്ച ശക്തിയോടായ്
വരൂ ജന്മത്തിലെങ്കിലും നിന്‍ മാറോടണയാന്‍
തീരാത്ത ഓര്‍മ്മകളുമേകി ഞാന്‍ കാത്തിരിപ്പൂ നിനക്കായ്..
പെയ്യുന്ന കണ്ണുനീര്‍ത്തുള്ളികള്‍ പോലെയൊരുനാള്‍
ഞാനെത്തീടും നിന്‍ ചാരെ..
ആകാശത്താഴ്വരയില്‍പ്പൂത്ത പൂക്കള്‍ തന്‍ സൗരഭ്യം
ഞാനറിയുന്നൂ യീരാവില്‍ പോലും..
സുഗന്ധമാര്‍ന്നയീപ്പൂക്കള്‍
തന്‍ സാക്ഷിയായ് പറയുന്നൂ
ഞാന്‍ വരും നിന്‍ ചാരെ..
അറിയൂ ഞാനൊരു അനാഥ..!
അനാഥയാമെന്നെയൊന്നിങ്ങു നോക്കമ്മേ..
(ഉപജില്ലാ സാഹിത്യോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം കവിതാരചനയില്‍ ഒന്നാം സ്ഥാനം നേടിയ എം.വിന്ദുജയുടെ കവിത)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ