2012ലെ
ഗാന്ധിജയന്തി
മനോജ്
പൊറ്റശ്ശേരി
ഔപചാരിക
അധ്യാപകജീവിതം ആരംഭിച്ചത്
1993നവംബര്‍11നാണ്.അന്നു
മുതല്‍,
സ്കൂളുകളില്‍
ഒരനുഷ്ഠാനം പോലെ നടക്കാറുള്ള
ഗാന്ധിജയന്തി ആഘോഷങ്ങളില്‍
സ്ഥിരമായി
പങ്കെടുക്കാറുണ്ട്..........സ്കൂളുംപരിസരവും
വൃത്തിയാക്കല്‍,
മിഠായിവിതരണം,
ഗാന്ധിജിയെക്കുറിച്ച്
പ്രഭാഷണം,
ഗാന്ധിജീവചരിത്രക്വിസ്....അങ്ങിനെയങ്ങിനെ
പതിവു പരിപാടികള്‍!പക്ഷേ
ഈ വര്‍ഷത്തെ ഗാന്ധിജയന്തി
തീര്‍ത്തും വ്യത്യസ്തമായ
ഒരനുഭവമാണു സമ്മാനിച്ചത്....മറക്കാനാവാത്ത
അനുഭവം!
ഒരിക്കലും
മറക്കാന്‍ പാടില്ലാത്ത അനുഭവം!
സ്കൂളില്‍
സജീവ സാന്നിധ്യമായ ജൂനിയര്‍
റെഡ്ക്രോസ് സൊസൈറ്റി ,
ഗാന്ധി
ജയന്തിദിനത്തില്‍,
വെട്ടത്തൂരില്‍
പ്രവര്‍ത്തിക്കുന്ന ആശ്രയ
സേവന സംഘത്തിനു കീഴിലുള്ള
അനാഥ അഗതി മന്ദിരം സന്ദര്‍ശിക്കാനും,
അവിടെ
സന്നദ്ധപ്രവര്‍ത്തനം നടത്താനും,
സ്കൂളില്‍
നിന്നും സമാഹരിച്ച ഒരു ചെറിയ
തുക അവര്‍ക്ക് സമ്മാനമായി
നല്‍കാനും തീരുമാനമെടുത്തിരുന്നു.കുട്ടികളെ
അനുഗമിക്കാനുള്ള,സൊസൈറ്റിയുടെ
സ്കൂള്‍ കൗണ്‍സിലര്‍ സിയാദ്
മാഷുടെ ക്ഷണം പൂര്‍ണ്ണ മനസ്സോടെ
ഞാന്‍ സ്വീകരിച്ചു.
ഞാനും
ആനി ടീച്ചറും സിയാദ് മാഷും
36
കുട്ടികളുമടങ്ങുന്ന
സംഘം രാവിലെ 7:45നു
തന്നെ ആലിപ്പറമ്പില്‍ നിന്നും
യാത്ര തിരിച്ചു.വെട്ടത്തൂരില്‍
വെച്ച് ആന്റണി മാഷ് ഞങ്ങളെ
സ്വീകരിച്ചു(അദ്ദേഹം
ആശ്രയ സേവന സംഘത്തിന്റെ
പ്രസിഡന്റ് ശ്രീ: ടി.എം. ജെയിംസിന്റെ
അനുജനും സൊസൈറ്റിയുടെ ഡയറക്ടര്‍
ബോര്‍ഡ് അംഗവുമാണ്). 9:30ന്
ഞങ്ങള്‍ അവിടുത്തെ
അന്തേവാസികള്‍ക്കരികിലെത്തിച്ചേര്‍ന്നു. ഒരു
മണിക്കൂര്‍ കഴിഞ്ഞപ്പോള്‍
അജിതടീച്ചര്‍,
ശ്രീജസിസ്റ്റര്‍,
സന്ധ്യടീച്ചര്‍
എന്നിവര്‍ സംഘത്തോടൊപ്പം
ചേര്‍ന്നു.
50 പേര്‍
അവിടെ ജീവിക്കുന്നു.വിവിധ
പ്രായക്കാര്‍
അക്കൂട്ടത്തിലുണ്ട്.... കുടുംബങ്ങളില്‍
നിന്ന് ഇറങ്ങി വന്നവര്‍,..... കുടുംബങ്ങളില്‍
നിന്ന് ഇറക്കി വിടപ്പെട്ടവര്‍!...അവരില്‍
പലരും ആരോഗ്യമുള്ള മനസ്സുള്ളവരല്ലെന്നതാണ്
സങ്കടകരം.
അനാഥത്വം
പേറി അലയാന്‍ വിധിക്കപ്പെട്ട
ഈ ജന്മങ്ങളില്‍ പലരേയും
സൊസൈറ്റിയുടെ ഭാരവാഹികള്‍
പാതയോരങ്ങളില്‍ നിന്ന്
ഏറ്റെടുക്കുകയായിരുന്നത്രേ! ആദ്യമിവരുടെ
ശരീരം ശുദ്ധീകരിക്കുന്നു... അതൊരു
നൈമിഷിക പ്രവര്‍ത്തനം
മാത്രം!ഇവരുടെ
മനസ്സുകള്‍ സ്ഫടികസമാനമാക്കുകയെന്ന
ദീര്‍ഘകാലയത്നം ഇവിടെ അഭംഗുരം
തുടരുക തന്നെയാണിവര്‍.അനേകം
സുമനസ്സുകളുടെ സാമ്പത്തിക
സഹായവും സന്നദ്ധ പ്രവര്‍ത്തനവും
സൊസൈറ്റിക്ക് താങ്ങായുണ്ടെന്നത്
അഭിമാനകരമാണ്.
ആദ്യഘട്ടമായി
ഞങ്ങള്‍ അവരെയെല്ലാം ഒരു
നോക്കു കണ്ടു.പിന്നീട്
ഞങ്ങള്‍ അവരോട് സംസാരിച്ചു.ആദ്യം
ചിലരെങ്കിലും സഹകരിക്കാന്‍
കൂട്ടാക്കിയില്ല.പക്ഷേ
സമയം പിന്നിടുന്തോറും അവരില്‍
ഭൂരിഭാഗവും ഞങ്ങളോട്
അടുത്തിടപഴകാന്‍ തയ്യാറായി.
അവരെക്കുറിച്ചു
സംസാരിക്കാന്‍ താല്പര്യം
കാണിച്ചു. ഒറ്റപ്പെടുകയെന്ന,ഒരു
പക്ഷേ ഈ ഭൂമുഖത്തെ ഏതു
ജീവിവര്‍ഗ്ഗവും നേരിടുന്ന
അതിദയനീയാവസ്ഥയുടെ നേര്‍ക്കാഴ്ച്ച
കുട്ടികളില്‍ പലരുടേയും
കണ്ണു നനയിച്ചു.ഒമ്പതാം
തരത്തിലെ ഞങ്ങളുടെ ആരിഫയ്ക്ക്
ഇക്കാഴ്ച്ച താങ്ങാവുന്നതിലപ്പുറമായിരുന്നു.
അവള്‍
തളര്‍ച്ചയുടെ ലക്ഷണം കാണിച്ചു.
ഒരധ്യാപകനെന്ന
നിലയില്‍ ഈ പ്രതികരണങ്ങള്‍
എന്നെ സന്തോഷിപ്പിക്കുകയാണു
ചെയ്തത്. ഞാന്‍
കുട്ടികളോട് നിരന്തരം പറയാറുള്ള
ഒരു കാര്യമുണ്ട്... ആധുനിക
കാലത്തെ പ്രശ്നങ്ങളിലൊന്ന്
നമുക്കൊന്നും "ഫീല്‍"
ചെയ്യുന്നില്ല
എന്നതാണെന്ന്!കരയേണ്ട
സന്ദര്‍ഭങ്ങളില്‍ കരയാത്തതും
ചിരി വരുമ്പോള്‍ പരിസരം
മറന്നു ചിരിക്കാത്തതും നമ്മില്‍
കാപട്യം കൂടുതലായതിനാലാണെന്ന്!
"ഫീല്‍"
ചെയ്യാത്തതിനാലാണ്
പ്രതികരണങ്ങളില്‍
നിന്ന് നാം പിറകോട്ടു
പോയതെന്ന്.
അതിനൊരു
നേരിയ വ്യതിചലനം കുറച്ചു
നേരത്തേക്കെങ്കിലുമുണ്ടാകാന്‍
ചിലര്‍ക്കെങ്കിലും ഈ സന്ദര്‍ശനം
ഉതകിയെന്ന തിരിച്ചറിവാണ്
എന്നെ സന്തോഷിപ്പിച്ചത്.
സൊസൈറ്റി
അധികാരികളും സ്വയം സമര്‍പ്പിത
സേവനത്തിനെത്തുന്നവരും
ഇവിടെയുള്ളവരെ "മക്കളേ"
എന്നാണഭിസംബോധന
ചെയ്യുന്നത്.എത്ര
സാര്‍ഥകമാണാ വിളി!പിതൃ-മാതൃ
വാത്സല്യദുഗ്ധം നുരയുമ്പോഴല്ലേ
നാമിങ്ങനെ വിളിക്കാറ്?ഒരാളെ
മകനായി കാണാന്‍ ജന്മം
നല്കണമെന്നുണ്ടോ?അതിന്
പ്രായവ്യത്യാസം പ്രശ്നമാണോ?
ജാതി-മത
തരംതിരിവ് വിഘാതമാകുമോ?"മുത്തിയും
ചോഴിയും"
എന്ന
കവിതയില്‍ ഒ.എന്‍.വി
സാര്‍ എഴുതിയ വരികളോര്‍ത്തു
പോയി ഞാന്‍...."മക്കളേയെന്നു
വിളിക്കുമ്പോള്‍ അക്കരള്‍
വാത്സല്യപ്പാലാഴി!”
ഈ
സ്ഥാപനത്തില്‍ എത്തിപ്പെടുന്നവര്‍ക്ക്
ഇവര്‍ നല്‍കിയ പേരിനുമുണ്ടല്ലോ
ഒരുപാടര്‍ത്ഥതലങ്ങള്‍..."ആകാശപ്പറവകള്‍"
-എത്ര
മനോഹരം!തന്റെ
"പ്രേമലേഖനം"
എന്ന
കഥയില്‍ കേശവന്‍നായര്‍ക്കും
സാറാമ്മയ്ക്കും ജനിക്കുന്ന
കുട്ടിക്ക് മഹാനായ വൈക്കം
മുഹമ്മദ് ബഷീര്‍ അറിഞ്ഞു
നല്‍കിയ പേര് "ആകാശമിഠായി"
എന്നാണ്.ഇവിടെ
"വിശാലമായൊരു
മധുരം",
അനുഭവിക്കാനാകുന്നു.
ആകാശപ്പറവകളിലുമുണ്ട്
"വിശാലമായൊരു
സ്വാതന്ത്ര്യദീപ്തി!” ഈ
വെള്ളിവെളിച്ചം തങ്ങളുടെ
വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍, സ്നേഹം
കൊണ്ട് ,തളച്ചിടാന്‍
കഴിയാതെ പോയ ഇവരുടെ
ബന്ധുക്കളെക്കുറിച്ചെന്തു
പറയാന്‍?
ഇവരില്‍
പലരുടേയും മരണാനന്തരം
ശവശരീരമേറ്റു വാങ്ങാന്‍
ബന്ധുക്കളെത്താറുണ്ടത്രേ...മതാചാരപ്രകാരം
അടക്കം ചെയ്യാന്‍!എന്തൊരു
വിരോധാഭാസം? മനസ്സിലെന്നോ
അടക്കം ചെയ്തവരെ സ്വന്തം
കൈകളാല്‍ മണ്ണിലടക്കം
ചെയ്യുന്നതെന്തിനാണാവോ?
ഞങ്ങളുടെ
കുട്ടികള്‍ അവര്‍ക്കൊപ്പം
ചായയും ബിസ്ക്കറ്റും
കഴിച്ചു. അവര്‍ക്കിടയിലെ
ചില "വികൃതിക്കുട്ടികള്‍"
കൂടുതല്‍
ബിസ്ക്കറ്റിനു വേണ്ടി വാശി
പിടിച്ചു.മാതൃവാത്സല്യത്തോടെ
കുട്ടികള്‍ ആ ദുശ്ശാഠ്യത്തിന്
വഴങ്ങുന്നത് ഞാന്‍ സാകൂതം
നോക്കി നിന്നു.
തുടര്‍ന്ന്
കലാപരിപാടികളുടെ
അവതരണമായിരുന്നു.കുട്ടികളില്‍
പലരും നിറഞ്ഞ മനസ്സോടെ അവര്‍ക്കു
വേണ്ടി പാടി....ഒറ്റയ്ക്കും
സംഘമായും.അവരില്‍
ചിലരും രംഗത്തെത്തി."കായലരികത്തു
വളയെറിഞ്ഞപ്പോള്‍ വള കിലുക്കിയ
സുന്ദരീ...."എന്നു
പാടിയപ്പോള്‍ കുഞ്ഞാക്കയുടെ
മുഖത്തു വിരിഞ്ഞ നാണം,
അയാളിലുണര്‍ന്ന
ഭൂതകാലസ്മരണയുടെ
നേര്‍ചിത്രമായിരുന്നില്ലേ?
ബിജു
,സെല്‍വന്‍
എന്നിവരും നന്നായി പാട്ടു
പാടി.
അധ്യാപകരും
കലാപ്രകടനത്തില്‍ പിന്നാക്കം
പോയില്ല.
പിരിയുന്നതിനു
മുമ്പ് സന്ദര്‍ശനത്തെക്കുറിച്ചുള്ള
വിലയിരുത്തല്‍ നടന്നു.കുട്ടികളില്‍
ഫാത്തിമയും സുഹൈറമുംതാസും വിനീതയും
പറഞ്ഞ കാര്യങ്ങള്‍
ഉള്ളില്‍
തട്ടുന്നതായിരുന്നു.അതിന്റെയെല്ലാം
രത്നച്ചുരുക്കം
ഇതായിരുന്നു... ഞങ്ങള്‍ക്കിവിടെ
നിന്ന് അച്ഛനെയും സഹോദരനെയും
കിട്ടി.നിങ്ങളെ
മറക്കാന്‍ ഞങ്ങള്‍ക്കാവില്ല.നിങ്ങളോടൊപ്പം
ഇനിയുമേറെ നിമിഷങ്ങള്‍
പങ്കിടാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്.ഞങ്ങളുടെ
ജീവിതത്തില്‍ ഇത് പുതിയൊരനുഭവമാണ്.ഈ
ലോകത്ത് ഇങ്ങനെയും ചില
മനുഷ്യരുണ്ടെന്ന തിരിച്ചറിവ്
ഞങ്ങളുടെ ഉള്ളു പൊള്ളിക്കുന്നു.ഇതിന്റെ
വേദന ഭാവി ജീവിതത്തിലെ
പ്രവൃത്തികളില്‍ ഞങ്ങളെ
പിന്തുടരും.
എനിക്കും
പറയാനുള്ള അവസരം ലഭ്യമായി.ഒ.എന്‍.വി
സാറിന്റെ "വീടുകള്‍"
എന്റെ
സംസാരത്തില്‍ കടന്നു വന്നു.ഇവര്‍
വാഴുന്ന ഈയിടത്തിലും തന്റെ
വീടുണ്ടാകണമെന്ന ബോധത്തിന്റെ
ഒരു നുറുങ്ങെങ്കിലും എല്ലാവരിലും
ജനിപ്പിക്കാനായെങ്കില്‍ ഈ
യാത്ര സഫലമായി.ഇവരുടെ
അവസ്ഥയെക്കുറിച്ചുള്ള
ചിന്തയാല്‍ കണ്ണുനീര്‍ഗ്രന്ഥി
അല്‍പ്പമെങ്കിലും
പ്രവര്‍ത്തനക്ഷമമായെങ്കില്‍
ഈ സന്ദര്‍ശനം ഉചിതമായി.
തിരിച്ചു
പോരുമ്പോള്‍,വരും
നാളുകളിലെ ഏതെങ്കിലുമൊരാഘോഷം
ഇവരെക്കൂടി പരിഗണിച്ചു
കൊണ്ടായിരിക്കണമെന്ന് ഞാന്‍
തീരുമാനമെടുത്തിരുന്നു. അങ്ങിനെ
പലരും ചിന്തിക്കുന്നുണ്ടെന്നും
എനിക്കു മനസ്സിലായി.ഒന്നുറപ്പിച്ചു
പറയാം...ഈ
വര്‍ഷമെങ്കിലും ഒരു മഹദ്
വ്യക്തിത്വത്തിന്റെ ജന്മദിനത്തില്‍
അദ്ദേഹത്തെ ആദരിക്കുന്ന
പ്രവൃത്തിയിലേര്‍പ്പെടാനെനിക്കായി,..എന്റെ
കുട്ടികള്‍ക്കും. 2012 ഒക്ടോബര്‍
2നുണ്ടായ
ഈ "നീറ്റല്‍
" എന്നെ
വിടാതെ പിന്തുടര്‍ന്നാല്‍
അതു തന്നെ പുണ്യം!!!